റിലഗേഷൻ സോണിൽ നിന്നും പുറത്തു കടക്കാനുള്ള വെസ്റ്റ്ഹാമിന്റെ മോഹങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല സമനില നേടി. ഒലെ വാട്കിൻസും പെനൽറ്റിയിലൂടെ ബെർറാമയും ആണ് ഇരു ടീമുകൾക്കും വേണ്ടി വല കുലുക്കിയത്. വെസ്റ്റ്ഹാം 24 പോയിന്റുമായി പതിനേഴാം സ്ഥാനത്തേക്ക് കയറിയെങ്കിലും 18ആമതുള്ള ബേൺമൗത്തിനും ഇതേ പോയിന്റ് നില ആണുള്ളത്. ആസ്റ്റൻ വില്ല പതിനൊന്നാമതാണ്.
സ്വന്തം തട്ടകത്തിൽ പന്തു കൈവശം വെക്കുന്നതിൽ വെസ്റ്റ്ഹാം പിന്നാക്കം പോയെങ്കിലും ആക്രമണത്തിലും അവസരങ്ങൾ ഒരുക്കുന്നതിലും അവർ മുന്നിട്ടു നിന്നു. ആസ്റ്റൺ വില്ലയാണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. പതിനേഴാം മിനിറ്റിൽ മോറിനോയുടെ ക്രോസിൽ ഉയർന്ന് ചാടി വാട്കിൻസ് ഉതിർത്ത ഹെഡർ കുതിയുയർന്ന് പോസ്റ്റിൽ പതിച്ചു. താരം തുടർച്ചായി നാലാം മത്സരത്തിൽ ആണ് ഗോൾ നേടുന്നത്. ക്ലബ്ബ് റെക്കോർഡ് ആണ് ഇത്. മുൻപ് ബെൻറാമക്ക് ലഭിച്ച അവസരത്തിൽ താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. പിന്നീട് പക്വിറ്റയെ ബെയിലി വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത ബെൻറാമക്ക് പിഴച്ചില്ല. ഇടവേളക്ക് മുൻപ് പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു വാട്കിൻസിന് ലഭിച്ച മറ്റൊരു അവസരം കീപ്പർ അരിയോള തടുത്തു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. അവസാന മിനിറ്റുകളിൽ ബെൻറാമക്ക് ലഭിച്ച മറ്റൊരു അവസരം യങ് തടുത്തു. ബ്വിണ്ടിയയെ വീഴ്ത്തിയതിന് വെസ്റ്റ്ഹാം പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി കനിഞ്ഞില്ല. ഗോൾ നേടാൻ വെസ്റ്റ്ഹാം എല്ലാ വഴികളും ശ്രമിച്ചെങ്കിലും ആസ്റ്റൻവില്ല വഴങ്ങിയില്ല.