അത്ഭുതമായി വെസ്റ്റ് ഹാം!! സ്പർസിനെതിരെ അത്ഭുത തിരിച്ചുവരവ്

20201018 225813
- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് കണ്ടത് ഒരു ക്ലാസിക് ത്രില്ലർ. സ്പർസിനെതിരെ അത്രയ്ക്ക് മികച്ച തിരിച്ചുവരവാണ് വെസ്റ്റ് ഹാം ഇന്ന് നടത്തിയത്. 82ആം മിനുട്ട് വരെ 3 ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-3 എന്നാക്കാൻ മോയ്സിന്റെ ടീമിനായി. മത്സരത്തിന്റെ അവസാന നിമിഷത്തിലെ ലാൻസിനിയുടെ ലോകോത്തര ഗോള് കൊണ്ടാണ് സ്പർസിന്റെ വിജയം തട്ടിയെടുക്കാൻ വെസ്റ്റ് ഹാമിനായത്.

സ്പർസ് അവരുടെ ഗഭീര ഫോം തുടരുന്നു എന്നാണ് ഇന്നത്തെ മത്സരത്തിന്റെ തുടക്കം തോന്നിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആറു ഗോളുകൾ അടിച്ച സ്പർസ് ഇന്ന് വെസ്റ്റ് ഹാമിന്റെ വലയിലേക്ക് മത്സരം ആരംഭിച്ച് 45 സെക്കൻഡുകളിൽ തന്നെ ഗോൾ എത്തിച്ചു. കെയ്നിന്റെ ഒരു ഗംഭീര പാസ് സ്വീകരിച്ച് ആയിരുന്നു സോണിന്റെ ഫിനിഷ്. ഈ ഗോളോടെ സോണ് ഈ സീസൺ പ്രീമിയർ ലീഗിൽ ഏഴു ഗോളുകളായി. എട്ടാം മിനുട്ടിൽ തന്നെ സ്പർസിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ സോണിന്റെ പാസ് സ്വീകരിച്ച കെയ്ൻ ഒരു നട്ട് മഗ് നടത്തിയ ശേഷം ബോക്സിന് പുറത്ത് നിന്ന് ഷൂട്ട് ചെയ്ത് വല കുലുക്കുകയായിരുന്നു.

അധികം താമസിയാതെ സ്പർസിന്റെ മൂന്നാം ഗോളും വന്നു. 16ആം മിനുട്ടിൽ റെഗുലിയൺ നൽകിയ ക്രോസിൽ നിന്ന് ഒരു ഫ്രീ ഹെഡറ്ലൂടെ ആയിരുന്നു കെയ്നിന്റെ വക മൂന്നാം ഗോൾ. സ്പർസ് വിജയം ഉറപ്പിച്ചു എന്ന നിലയിലാണ് പിന്നീട് കളിച്ചത്. രണ്ടാം പകുതിയിൽ അവർ സബ്ബായി ബെയ്ലിനെ ഇറക്കുകയും ചെയ്തു. എന്നാൽ അവസാന നിമിഷങ്ങളിൽ കളി മാറി.

82ആം മിനുട്ടിൽ ബാൽബുവേനയിലൂടെ വെസ്റ്റ് ഹാമിന്റെ ആദ്യ ഗോൾ വന്നു. ആ ഗോളിൽ നിന്ന് ഊർജ്ജം കണ്ടെത്തിയ മോയ്സിന്റെ ടീം വീണ്ടും ആക്രമണം തുടർന്നു. 85ആം മിനുട്ടിൽ ഒരു സാഞ്ചേസിന്റെ വക സെൽഫ് ഗോളിൽ വെസ്റ്റ് ഹാമിന് രണ്ടാം ഗോളും ലഭിച്ചു. ഇത് സ്പർസിന് അവസാന നിമിഷങ്ങളിൽ വലിയ സമ്മർദ്ദം നൽകി. അവസാനം 95ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് ലാൻസിനി തൊടുത്ത ലോകോത്തര സ്ട്രൈക്ക് ആണ് സ്പർസിന്റെ നെഞ്ച് തകർത്തത്. ഈ സമനില സ്പർസിന്റെ വിജയ കുതിപ്പിന് ആണ് അവസാനിപ്പിച്ചത്.

Advertisement