ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് വെസ്റ്റ് ഹാം യൂറോപ്പിലേക്ക്. ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ ഒരു സമനില മതിയായിരുന്നു വെസ്റ്റ് ഹാമിന് യൂറോപ്പ യോഗ്യത നേടാൻ. സൗതാമ്പ്ടണെ നേരിട്ട വെസ്റ്റ് ഹാം എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം തന്നെ നേടി. ഏകപക്ഷീയമായിരുന്നു ഡേവിഡ് മോയ്സിന്റെ ടീമിന്റെ ഇന്നത്തെ പ്രകടനം. ആദ്യ പകുതിയിൽ തന്നെ 2-0ന് അവർ മുന്നിൽ എത്തി. രണ്ടു ഗോളുകളും നേടിയത് ഫോർനാൽസ് ആയിരുന്നു.
മുപ്പതാം മിനുട്ടിൽ ആയിരുന്നു ഫോർനാൽസിന്റെ ആദ്യ ഗോൾ. പിന്നാലെ 33ആം മിനുട്ടിൽ വീണ്ടും ഫോർനാൽസ് വല കുലുക്കി. സൗഫലിന്റെ പാസിൽ നിന്നായിരുന്നു ഫോർനാൽസിന്റെ രണ്ടാം ഗോൾ. രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന വെസ്റ്റ് ഹാം വിജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ഫോർനാൽസിന്റെ പാസിൽ നിന്ന് ഡെക്ലൻ റൈസിലൂടെ വെസ്റ്റ് ഹാം മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ വെസ്റ്റ് ഹാം അവരുടെ സീസൺ 65 പോയിന്റുമായി ആറാം സ്ഥാനത്ത് അവസാനിപ്പിച്ചു. ഇതോടെ അവരുടെ വലിയ സ്വപ്നമായ യൂറോപ്യൻ യോഗ്യതയും ഉറപ്പായി. 1998/99 സീസണു ശേഷമുള്ള വെസ്റ്റ് ഹാമിന്റെ ഏറ്റവും മികച്ച ഫിനിഷാണിത്.