ഇംഗ്ലീഷ് ഫുട്‌ബോളിൽ മാറ്റം അനിവാര്യമാണ് എന്നു അഭിപ്രായപ്പെട്ടു മുൻ ആഴ്സണൽ പരിശീലകൻ ആഴ്സനെ വെങർ. നിലവിൽ ഫിഫയുടെ ഫുട്‌ബോൾ ഡെവലപ്പ്‌മെന്റ് വിഭാഗം തലവൻ ആയ വെങർ ഇംഗ്ലീഷ് ഫുട്‌ബോളിൽ 92 ക്ലബുകൾക്കും നിലനിൽക്കുക ബുദ്ധിമുട്ട് ആണെന്ന് വ്യക്തമാക്കി. നിലവിൽ നാലു ഡിവിഷനുകളിൽ ആയി ഇംഗ്ലീഷ് ഫുട്‌ബോളിൽ 92 ക്ലബുകൾ ആണ് കളിക്കുന്നത്, കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ഇതിൽ വലിയ വിഭാഗം ക്ലബുകളുടെയും ഭാവി തന്നെ ഇല്ലാതാക്കുന്ന വിധത്തിലുള്ളത് ആണ്. ഇതിനെ തുടർന്ന് ആണ് ഇംഗ്ലീഷ് ഫുട്‌ബോളിനെ രക്ഷിക്കാൻ എന്ന പേരിൽ പ്രോജക്ട് ബിഗ് പിക്ച്ചർ എന്ന ആശയവും ആയി ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകൾ രംഗത്ത് വന്നത്. ഇതിനെ കുറിച്ച് പ്രതികരിക്കുമ്പോൾ ആണ് തന്റെ അഭിപ്രായം വെങർ വ്യക്തമാക്കിയത്.
പ്രോജക്ട് ബിഗ് പിക്ച്ചറിന് പിറകിൽ രണ്ടു ക്ലബുകൾ മാത്രം ആണെന്ന് കരുതുന്നില്ല എന്നു വ്യക്തമാക്കിയ വെങർ പ്രോജക്ടിൽ പല കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരുന്നില്ല എന്നും അഭിപ്രായപ്പെട്ടു. പ്രീമിയർ ലീഗ് ക്ലബുകൾ ഒന്നടങ്കം പ്രോജക്ട് തള്ളി കളഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയത് ആയി പറഞ്ഞ വെങർ പ്രോജക്ട് ബിഗ് പിക്ച്ചറിൽ പറയുന്ന 250 മില്യൻ പൗണ്ട് കൊണ്ട് മാത്രം ഇംഗ്ലീഷ് ഫുട്‌ബോളിലെ മുഴുവൻ ക്ലബുകളെയും രക്ഷിക്കാൻ ആവില്ലെന്നും വ്യക്തമാക്കി. അതിനാൽ തന്നെ വലിയ മാറ്റം ഇംഗ്ലീഷ് ഫുട്‌ബോളിൽ അനിവാര്യമാണ് എന്നും വേങർ ആവർത്തിച്ചു. എന്നാൽ കായികപരമായുള്ള യോഗ്യത കൊണ്ട് മാത്രമെ ഇത് ചെയ്യാൻ പാടുള്ളൂ എന്നു വെങർ ഓർമ്മിപ്പിച്ചു. 92 ക്ലബുകൾക്ക് ഇംഗ്ലണ്ടിൽ നിലനിൽക്കുക പ്രയാസം ആണ് എന്ന് പറഞ്ഞ വെങർ അതിന്റെ കാരണവും വ്യക്തമാക്കി.
‘നിലവിൽ ആധുനിക കാലത്തെ ആരാധകർ സ്വന്തം രാജ്യവും ഒപ്പം ഒരു വലിയ ക്ലബിനെയും പിന്തുണച്ച ശേഷം മാത്രമാണ് തന്റെ സ്വദേശത്തെ ടീമിനെ പിന്തുണക്കുക, അതിനാൽ തന്നെ നാൾക്കുനാൾ ചെറിയ ക്ലബുകൾക്ക് ഉള്ള പിന്തുണ കുറഞ്ഞു വരുന്നുണ്ട്. അതിനാൽ തന്നെ 92 പ്രൊഫഷണൽ ക്ലബുകൾ എന്നത് ഒരർഥത്തിൽ ഇംഗ്ലണ്ടിന് അധികം ആണ്.’ വെങർ അഭിപ്രായപ്പെട്ടു. ക്ലബുകൾ എല്ലാം നിലനിർത്തി ഇംഗ്ലീഷ് ഫുട്‌ബോൾ തുടർന്ന് പോവണം എങ്കിൽ വലിയ ക്ലബുകൾക്ക് വരുന്ന വരുമാനം മറ്റുള്ളവരും ആയി പങ്ക് വക്കാൻ അവർ തയ്യാറാവണം എന്നു വെങർ അഭിപ്രായപ്പെട്ടു. ചിലപ്പോൾ രണ്ടു മൂന്നു കൊല്ലത്തിനുള്ളിൽ താൻ പരിശീലക വേഷത്തിൽ തിരിച്ചു വരും എന്ന സൂചനയും ഇതിഹാസപരിശീലകൻ നൽകി. ക്ലബിനെക്കാൾ ഏതെങ്കിലും രാജ്യത്തെ പരിശീലകൻ ആയി ആവും തന്റെ തിരിച്ചു വരവ് എന്നാണ് വെങർ പറഞ്ഞത്.