‘നിയമങ്ങൾ പാലിക്കപ്പെടാൻ ഉള്ളതാണ്’ മാഞ്ചസ്റ്റർ സിറ്റിയുടെ വിലക്കിനെ പറ്റി വെങറുടെ പ്രതികരണം

- Advertisement -

ഫുട്‌ബോളിൽ നിയമങ്ങൾ പാലിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും ഉള്ളതാണെന്ന് വ്യക്തമാക്കി ഇതിഹാസ പരിശീലകൻ ആഴ്‌സനെ വെങർ. ലോറിയസ് പുരസ്കാരവേദിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിച്ച 2 വർഷത്തെ വിലക്കിനെ പറ്റി ചോദിച്ചപ്പോൾ ആയിരുന്നു മുൻ ആഴ്‌സണൽ പരിശീലകന്റെ പ്രതികരണം. നിലവിൽ ഫിഫയിൽ നിർണായക സ്ഥാനം വഹിക്കുന്ന വെങർ നിയമം പാലിക്കപ്പെടാത്തവർ ശിക്ഷ അർഹിക്കുന്നു എന്നും വ്യക്തമാക്കി. എന്നാൽ നിലവിൽ ഫിനാൻഷ്യൽ ഫെയർ പ്ളേ നിയമങ്ങളിൽ പലതിലും വ്യക്തത വരാൻ ഉണ്ടെന്ന കാര്യം വെങർ സമ്മതിച്ചു. 2009 ൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾക്ക് എതിരെ അന്നത്തെ ആഴ്‌സണൽ പരിശീലകൻ ആയ വെങർ സാമ്പത്തിക ഉദ്ധേജനം ഉപയോഗിക്കുന്നവർ എന്ന ആരോപണം ഉന്നയിച്ചത് വലിയ വാർത്ത ആയിരുന്നു. അന്ന് തന്നെ ഈ ടീമുകൾ ഫിനാൻഷ്യൽ ഫെയർ പ്ളേ നിയമങ്ങൾ പാലിക്കുന്നില്ല എന്ന ആരോപണം വെങർ ഉയർത്തിയിരുന്നു.

ക്ലബ്ബിന്റെ സാമ്പത്തിക കാര്യങ്ങളിൽ എന്നും നിയമപ്രകാരം ഒരു പരിധി വക്കുന്നത് നല്ലത് ആണെന്ന് അഭിപ്രായപ്പെട്ട വെങർ ഇത്തരം നിയമങ്ങളിൽ പലതും വ്യക്തമായി ഉണ്ടായി വരുന്നതെ ഉള്ളു എന്നും പറഞ്ഞു. എന്നാൽ നിയമം ലംഘിക്കുന്നവർ ഉറപ്പായും ശിക്ഷ അർഹിക്കുന്നു എന്നും വെങർ കൂട്ടിച്ചേർത്തു. എന്നാൽ ഏത് തരം തെറ്റിന് ഏത് തരം ശിക്ഷയാണ് നൽകേണ്ടത് എന്നതിൽ പലതിലും നിയമത്തിൽ വ്യക്തത ഇല്ലാത്തതും വെങർ എടുത്ത് കാണിച്ചു. നിയമങ്ങൾ ഇല്ലാതെയും നിയമങ്ങൾ പാലിക്കാതെയും കായികമേഖലക്ക് മുന്നോട്ട് പോവാൻ ആവില്ല എന്ന് പറഞ്ഞ വെങർ നിയമങ്ങൾ എല്ലാരും പാലിക്കുന്നില്ല എങ്കിൽ അതിൽ നീതി ഉണ്ടാവില്ല എന്നും കൂട്ടിച്ചേർത്തു.

നിയമങ്ങൾ പാലിക്കുന്നില്ല എങ്കിൽ അത് യഥാർത്ഥ കായിക ഇനം ആവില്ല എന്ന് പറഞ്ഞ അദ്ദേഹം നിലവിലെ ക്ലബുകൾ തമ്മിലുള്ള സാമ്പത്തിക അന്തരവും എടുത്ത് കാണിച്ചു. ചരിത്രപരമായി തന്നെ വലിയ സാമ്പത്തിക ഭദ്രതയുള്ള ക്ലബുകൾ ആണ് കിരീടങ്ങൾ അധികവും നേടുന്നത് എന്നു പറഞ്ഞ അദ്ദേഹം പക്ഷെ കഴിഞ്ഞ 20-30 വർഷങ്ങൾ ആയി ഒരേ ലീഗിൽ കളിക്കുന്ന ക്ലബുകൾക്ക് ഇടയിൽ സംഭവിച്ച സാമ്പത്തിക അന്തരം വളരെ വലുതാണ് എന്നും ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ ഫിനാൻഷ്യൽ ഫെയർ പ്ളേ നിയമങ്ങൾ ശരിക്ക് പാലിക്കേണ്ടത് കായികമേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണ് എന്നും അദ്ദേഹം പറഞ്ഞു. ആഴ്‌സണലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങൾ കൈവരിച്ച വെങർ ഏറ്റവും കൂടുതൽ കാലം ആ സ്ഥാനം വഹിച്ച പരിശീലകൻ കൂടിയാണ്. എന്നും തന്റെ കണിശമായ സാമ്പത്തിക അച്ചടക്കം കൊണ്ട് കൂടെ പ്രസിദ്ധമായ വെങറുടെ വാക്കുകൾക്ക് വലിയ പ്രാധാന്യം ആണ് ഉള്ളത്.

Advertisement