പത്ത്പേരുമായി പത്തരമാറ്റ് കളി കളിച്ചിട്ടും വാറ്റ്ഫോർഡ് ആഴ്സണലിനോട് തോറ്റു

- Advertisement -

ഇന്ന് വാറ്റ്ഫോർഡ് കളിച്ച കളി കണ്ടാൽ അവരെ അവർക്കെല്ലാതെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്നു തോന്നിപ്പോകും. ആഴ്സണലിന്റെ കരുത്തിനെതിരെ ഗാർസിയയുടെ വാറ്റ്ഫോർഡ് അത്രയ്ക്ക് മികച്ച കളി ആയിരുന്നു പുറത്തെടുത്തത്. പക്ഷെ അവർ തന്നെ അവരെ തോൽപ്പിച്ചു എന്ന് പറയാം. കളി മികച്ച രീതിയിൽ തുടങ്ങിയ വാറ്റ്ഫോർഡ് പത്താം മിനുട്ടിൽ ആദ്യം ഒരു അബദ്ധത്തിലൂടെ ആഴ്സണലിന് ഗോൾ കൊടുത്തു.

വാറ്റ്ഫോർഡ് ഗോൾകീപ്പർ ഫോസ്റ്ററിന്റെ ഒരു വൻ പിഴവ് മുതലെടുത്ത് ഒബാമയങ്ങ് ആയിരുന്നു ആഴ്സണലിന് ലീഡ് കൊടുത്തത്.ആ പിഴവ് കഴിഞ്ഞ് തൊട്ടടുത്ത മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി വാറ്റ്ഫോർഡ് സ്ട്രൈക്കർ ഡീനി പുറത്ത് പോവുകയും ചെയ്തു. ആഴ്സണൽ മധ്യനിര താരം ടൊറേറിയയെ എൽബോ ചെയ്തതിനായിരുന്നു റെഡ് കാർഡ് ലഭിച്ചത്. കടുത്ത തീരുമാനമായിപ്പോയി അത് എങ്കിലും വാറ്റ്ഫോർഡ് പതറിയില്ല.

കളിയിൽ ഒരിക്കൽ പോലും തങ്ങൾ 10 പേർ മാത്രമേ ഉള്ളൂ എന്ന് വാറ്റ്ഫോർഡ് തോന്നിപ്പിച്ചില്ല. തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ട വാറ്റ്ഫോർഡ് ആഴ്സണലിനെ വിറപ്പിച്ചു എന്ന് പറയാം. നിർഭാഗ്യവും ഫിനിഷിംഗിലെ ചെറിയ പോരായ്മകളും ഇല്ലായിരുന്നു എങ്കിൽ വാറ്റ്ഫോർഡ് ആഴ്സണലിന്റെ ടോപ്പ് 4 പ്രതീക്ഷകൾ തന്നെ തകർത്തേനെ. കൗണ്ടർ അറ്റാക്കിൽ കിട്ടിയ അവസരങ്ങൾ ആഴ്സണലും ഏറെ ഇന്ന് തുലച്ചു കളഞ്ഞിരുന്നു.

ഇന്നത്തെ വിജയം ആഴ്സണലിനെ ലീഗിൽ വീണ്ടും നാലാം സ്ഥാനത്ത് എത്തിച്ചു. 66 പോയന്റാണ് ആഴ്സ്ണലിന് ഇപ്പോൾ ഉള്ളത്.

Advertisement