പ്രീമിയർ ലീഗിൽ ഫുൾഹാമിന്റെ സമയത്തിന് അവസാനമാവുമെന്ന് സൂചന. ഇന്ന് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയോടാണ് ഫുൾഹാം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റത്. ഒരു വേള ലെസ്റ്ററിനെതിരെ പൊരുതി സമനില പിടിച്ചെങ്കിലും മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇരട്ട ഗോൾ നേടിയ വാർഡിയുടെ പ്രകടനം അവരുടെ തോൽവി ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ലെസ്റ്റർ പരിശീലകനായി ചുമതലയേറ്റ ബ്രെണ്ടൻ റോജേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ തന്നെ ജയം കണ്ടെത്താനും ലെസ്റ്ററിനായി.
മത്സരം തുടങ്ങി 21ആം മിനുട്ടിൽ തന്നെ ലെസ്റ്റർ മുൻപിലെത്തി. ടീലമെൻസ് ആണ് വാർഡിയുടെ നിസ്വാര്‍ത്ഥമായ പാസിൽ നിന്ന് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതി തുടങ്ങി ആറാം മിനുറ്റിൽ തന്നെ ഫുൾഹാം സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ അയിറ്റെയാണ് ഗോൾ നേടിയത്. എന്നാൽ 78ആം മിനിറ്റിലും 86ആം മിനുട്ടിലും ഗോൾ അടിച്ച് വാർഡി ഫുൾഹാമിന്റെ തോൽവി ഉറപ്പിക്കുകയായിരുന്നു. ലെസ്റ്റർ സിറ്റിക്ക് വേണ്ടി 100 ഗോൾ എന്ന നേട്ടവും ഇന്നത്തെ ഗോളോടെ വാർഡി സ്വന്തമാക്കി. തോൽവിയോടെ പ്രീമിയർ ലീഗിൽ 8 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 17ആം സ്ഥാനത്തുള്ള ബേൺലിയെക്കാൾ 13 പോയിന്റ് പിറകിലാണ് ഫുൾഹാം.