മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയ ക്ലബ് വിടുമെന്ന് വ്യക്തമാക്കി പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. റൈറ്റ് ബാക്കായ അന്റോണിയോ വലൻസിയയുമായി പുതിയ കരാറിൽ എത്താൻ ക്ലബിനായില്ല. അതുകൊണ്ട് തന്നെ ഈ സീസൺ അവസാനം വലൻസിയ ക്ലബ് വിടും സോൾഷ്യാർ പറഞ്ഞു. അവസാന രണ്ട സീസണുകളിലായി പരിക്കും ഫോമില്ലായ്മയുമായി നിൽക്കുന്ന വലൻസിയയെ മൗറീനോ ആയിരുന്നു ക്യാപ്റ്റനായി നിയമിച്ചത്.
മൗറീനോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആദ്യ സീസണിൽ വലൻസിയ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ സോൾഷ്യാർ എത്തിയതിനു ശേഷം പരിക്ക് കാരണം വലൻസിയ പിറകിലേക്ക് പോയി. ആഷ്ലി യങ്ങ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം റൈറ്റ് ബാക്കായി മാറുകയും ചെയ്തു. തന്റെ ക്ലബിലെ അവസരം കുറയും എന്ന് വ്യക്തമായതാണ് വലൻസിയ ക്ലബ് വിടാനുള്ള പ്രധാന കാരണം. വലൻസിയക്ക് പകരക്കാരനായി യുവ റൈറ്റ് ബാക്ക് ഡാലോട്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ ആദ്യം സൈൻ ചെയ്തിരുന്നു.
2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിങ്ങറായി എത്തിയതാണ് വലൻസിയ. സർ അലക്സ് ഫെർഗൂസണ് കീഴിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ വലൻസിയ നേടിയിട്ടുണ്ട്. ആദ്യം വിങ്ങറായി കളിച്ചു എങ്കിലും പിന്നീട് യുണൈറ്റഡിന്റെ സ്ഥിരം റൈറ്റ് ബാക്കായി വലൻസിയ മാറി. 10 സീസണുകൾക്ക് ശേഷമാണ് വലൻസിയ ക്ലബ് വിടുന്നത്.