മൗറീനോയ്ക്ക് ഇന്ന് എവർട്ടൺ പരീക്ഷ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഷ്ടകാലം മറികടക്കാനുള്ള മറ്റൊരു പരീക്ഷയാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനും മൗറീനോയ്ക്കും. ഇന്ന് പ്രീമിയർ ലീഗിൽ എവർട്ടണെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ഓൾഡ്ട്രാഫോർഡിലാണ് മത്സരം നടക്കുന്നത്. ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ഇതുവരെ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അത് മാറ്റാൻ ഇന്ന് യുണൈറ്റഡിന് കഴിയുമോ എന്നതാണ് ചോദ്യം.

അവസാന മത്സരത്തിൽ യുവന്റസിനു മുന്നിൽ തീർത്തും നിരാശയാർന്ന പ്രകടനമായിരുന്നു യുണൈറ്റഡ് കാഴ്ചവെച്ചത്. ഒരു ഗോളിന്റെ തോൽവി മാത്രമാണ് എങ്കിലും ഒരു ഹോം ടീമിനെ പോലെ കളിക്കാനെ യുണൈറ്റഡിന് ആയിരുന്നില്ല. അത്തരത്തിലുള്ള പ്രകടനങ്ങൾ ഇനിയും യുണൈറ്റഡ് ആരാധകർക്ക് താങ്ങാനായേക്കില്ല‌. അവസാന ഏഴു മത്സരങ്ങളിൽ വെറും ഒരു മത്സരം മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. അതും സീസണിലെ ജയമില്ലാതിരുന്ന ന്യൂകാസിലിനെതിരെയും ആയിരുന്നു.

ഇനിയും കടുപ്പമേറിയ മത്സരങ്ങളാണ് മുന്നിൽ ഉള്ളത് എന്നതു കൊണ്ട് ഇന്ന് പോയന്റ് നഷ്ടപ്പെടുത്തുന്നത് യുണൈറ്റഡിന് ചിന്തിക്കാനാവുന്നതല്ല. എന്നാൽ മികച്ച ഫോമിലാണ് എവർട്ടൺ മാഞ്ചസ്റ്ററിലേക്ക് വരുന്നത്. അവസാന മൂന്ന് ലീഗ് മത്സരങ്ങളും ജയിച്ച എവർട്ടൺ ലീഗ് ടേബിളിലും യുണൈറ്റഡിനേക്കാൾ മുന്നിലാണ് ഇപ്പോൾ. ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുക.

Advertisement