മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനാവുകയാണ് തന്റെ ലക്ഷ്യം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സെന്റർ ബാക്ക് ടുവൻസെബെ. മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർന്നു വന്ന ടുവൻസെബെ കഴിഞ്ഞ ദിവസം യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇറങ്ങുകയും തകർപ്പൻ പ്രകടനം നടത്തുകയും ചെയ്തിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്റെ ക്ലബാണെന്നും ഇവിടെ കളിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ടുവൻസെബെ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിൽ ലോണിൽ എത്തിയ ടുവൻസെബെ അവിടെ ഗംഭീര പ്രകടനം നടത്തിയിരുന്നു. ഈ സീസണിൽ താരത്തെ ലോണിൽ അയക്കേണ്ടതില്ല എന്ന് ക്ലബ് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ലിൻഡെലോഫിനും മഗ്വയറിനും പിറകിലാണ് സ്ഥാനം എങ്കിലും സമീപ ഭാവിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥിര സാന്നിദ്ധ്യമാകാൻ കഴിയുമെന്ന് ടുവൻസെബെ പ്രതീക്ഷ പ്രകടിപ്പിച്ചു. തന്റെ കരിയറിൽ ഉടനീളം പരിശീലനം നടത്തിയത് യുണൈറ്റഡ് ജേഴ്സിയിൽ കളിക്കാൻ വേണ്ടിയായിരുന്നു എന്ന് ടുവൻസെബെ പറഞ്ഞു.
മാനേജറിന്റെ വിശ്വാസം നേടിയെടുക്കാനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നത് എന്ന് ടുവൻസെബെ പറഞ്ഞു. പ്രീമിയർ ലീഗിൽ അവസരം കിട്ടില്ല എങ്കിലും യൂറോപ്പ ലീഗ്, ലീഗ് കപ്പ് എന്നീ ടൂർണമെന്റിൽ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ടുവൻസെബെ.