ടോട്ടൻഹാമിനെ സമനിലയിൽ പിടിച്ചുകെട്ടി ക്രിസ്റ്റൽ പാലസ്

Staff Reporter

പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന ടോട്ടൻഹാമിനെ സമനിലയിൽ പിടിച്ചുകെട്ടി ക്രിസ്റ്റൽ പാലസ്. 1-1നാണ് ക്രിസ്റ്റൽ പാലസ് ടോട്ടൻഹാമിനെ സമനിലയിൽ തളച്ചത്. ഇന്നത്തെ സമനിലയോടെ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനത്ത് ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരമാണ് ടോട്ടൻഹാം നഷ്ടപ്പെടുത്തിയത്. നിലവിൽ 25 പോയിന്റുമായി ടോട്ടൻഹാം തന്നെയാണ് ലീഗിൽ ഒന്നാമത്.

ഹാരി കെയ്‌നിന്റെ ഗോളിൽ ടോട്ടൻഹാം ആണ് ആദ്യ പകുതിയിൽ മുൻപിൽ എത്തിയത്. പ്രീമിയർ ലീഗ് സീസണിൽ ഹാരി കെയ്‌നിന്റെ ഒൻപതാമത്തെ ഗോളായിരുന്നു ഇത്. എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കിനിൽക്കെ ക്രിസ്റ്റൽ പാലസ് അർഹിച്ച സമനില നേടി എടുക്കുകയായിരുന്നു. ജെഫ്രി ഷുളുപ്പ് ആണ് ക്രിസ്റ്റൽ പാലസിന് വേണ്ടി ഗോൾ നേടിയത്. 17 പോയിന്റുമായി ക്രിസ്റ്റൽ പാലസ് പ്രീമിയർ ലീഗ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.