പ്രീമിയർ ലീഗിൽ ഇതിനേക്കാൾ മികച്ച കിരീട പോരാട്ടം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ ഡിഫറൻസിൽ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയ പോരാട്ടം പ്രീമിയർ ലീഗിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ അന്ന് കിരീടത്തിനായി പോരാടിയ രണ്ട് ടീമുകൾക്കും ഇത്ര നിലവാരം ഉണ്ടായിരുന്നില്ല. ഒരു മത്സരം മാത്രം ബാക്കി ഇരിക്കെ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളൂം 95, 94 എന്നീ പോയന്റുകളിൽ ആണ് നിൽക്കുന്നത്.
വേറെ ഏതു സീസൺ ആണെങ്കിലും ഇത്രയും പോയന്റുകൾ കിരീടം സുഖമായി നേടേണ്ട പോയന്റുകൾ ആയിരുന്നു. പക്ഷെ ഇതിപ്പോൾ 97 പോയന്റ് നേടിയാൽ വരെ ലിവർപൂൾ കിരീടം നേടില്ല എന്ന അവസ്ഥയിലാണ് ഉള്ളത്. ഇനി ഒരു മത്സരം മാത്രമാണ് ലീഗിൽ ഇരു ടീമുകൾക്കും അവശേഷിക്കുന്നത്. അടുത്ത ഞായറാഴ്ച 7.30ന് ഒരേ സമയത്ത് രണ്ട് ഗ്രൗണ്ടുകളിലായി ലിവർപൂളും സിറ്റിയും ഇറങ്ങും. അപ്പോഴും ആര് കിരീടം നേടുമെന്ന് ആർക്കും ഉറപ്പില്ല.
മാഞ്ചസ്റ്റർ സിറ്റിക്ക് അവസാന മത്സരം ഒരു എവേ മത്സരമാണ്. ബ്രൈറ്റണെ ആകും മാഞ്ചസ്റ്റർ സിറ്റി നേരിടുക. എവേ മത്സരത്തിന്റെ സമ്മർദം അതിജീവിച്ചാൽ സിറ്റിക്ക് അന്ന് കിരീടം സ്വന്തമാക്കാം. എന്നാൽ എവേ മത്സരമായത് കൊണ്ട് തന്നെ ജയം ഒരിക്കലും എളുപ്പമായിരിക്കില്ല. ലിവർപൂളിന് അവസാനം മത്സരം തങ്ങളിടെ ഹോം ഗ്രൗണ്ടിലാണ്. പക്ഷെ എതിരിടുന്നത് വോൾവ്സിനെ. ഈ സീസണിൽ വമ്പന്മാരെ ഒക്കെ വെള്ളം കുടിപ്പിച്ച ടീമാണ് വോൾവ്സ് അതുകൊണ്ട് തന്നെ ആ മത്സരവും എളുപ്പമാകില്ല. ലിവർപൂളിന്റെ വർഷങ്ങളായുള്ള ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമോ അതോ മാഞ്ചസ്റ്റർ സിറ്റി തുട രണ്ടാം തവണയും ലീഗ് സ്വന്തമാക്കുമോ എന്ന് പ്രവചിക്കുക വരെ എളുപ്പമായിരിക്കില്ല.