ഈ ട്രാൻസ്ഫർ വിൻഡോയിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ചെൽസിയിൽ എത്തിയ പ്രതിരോധ താരം ചിൽവെല്ലിനെ കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ടീമിൽ നിന്ന് പുറത്തിരുത്തിയത് എളുപ്പമായിരുന്നില്ലെന്ന് ചെൽസി പരിശീലകൻ തോമസ് ടുഹൽ. മുൻ ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പർഡിന് കീഴിൽ ടീമിൽ സ്ഥിര സാന്നിധ്യമായിരുന്ന ചിൽവെല്ലിന് പുതിയ പരിശീലകൻ തോമസ് ടുഹലിന് കീഴിൽ അവസരങ്ങൾ കുറവായിരുന്നു.
ചെൽസിയുടെ അവസാന 4 മത്സരങ്ങളിൽ 1ൽ മാത്രമാണ് ബെൻ ചിൽവെല്ലിന് അവസരം ലഭിച്ചത്. സെപ്റ്റംബർ മുതൽ ടീമിൽ അവസരം ലഭിക്കാതിരുന്ന മാർക്കോസ് അലോൺസോയാണ് ചിൽവെല്ലിന് പകരക്കാരനായി ടീമിൽ ഇടം പിടിച്ചത്. എന്നാൽ അലോൺസോക്ക് അന്റോണിയോ കൊണ്ടേക്ക് കീഴിൽ വിങ് ബാക്കായി കളിച്ച അനുഭവസമ്പത്താണ് താരത്തെ കളിപ്പിക്കാൻ കാരണമെന്നും ചെൽസി പരിശീലകൻ പറഞ്ഞു.
ചിൽവെല്ലിനെ പുറത്തിരുത്തുകയെന്നത് തനിക്ക് എളുപ്പമായിരുന്നില്ലെന്നും എന്നാൽ ചിൽവെല്ലിന് തുടർന്നും ടീമിൽ എത്താൻ കഴിയുമെന്നാണ് താൻ താരത്തോട് പറഞ്ഞതെന്നും തോമസ് ടൂഹൽ പറഞ്ഞു.