പി.എഫ്.എ യങ് പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയതിനു പുറമെ ഫുട്ബോൾ റൈറ്റർസ് അസോസിയേഷന്റെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡും സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്. പി.എഫ്.എ പുരസ്കാര ജേതാവായ ലിവർപൂൾ താരം വാൻ ഡൈകിനെയും മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറൊയെയും പിന്തള്ളിയാണ് സ്റ്റെർലിങ് വിജയിയായത്. 1969ന് ശേഷം ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ മാഞ്ചസ്റ്റർ സിറ്റി താരമാണ് സ്റ്റെർലിങ്
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി പ്രീമിയർ ലീഗിൽ 17 ഗോളുകളൂം 10 അസിസ്റ്റുകളും സ്റ്റെർലിങ് സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ലിവർപൂളിനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് ശക്തി പകർന്നത് സ്റ്റെർലിങ് ആയിരുന്നു. 62 ശതമാനം വോട്ട് നേടിയാണ് സ്റ്റെർലിങ് ജേതാവായത്. മാഞ്ചസ്റ്റർ സിറ്റിയുടെ വനിതാ ടീം അംഗം നികിത പാരീസ് ആണ് ഫുട്ബോൾ റൈറ്റർസ് അസോസിയേഷന്റെ മികച്ച വനിതാ താരം.