സ്പർസിനെ തകർത്ത് പാലസ്, വിയേരയ്ക്ക് പരിശീലകനായി പ്രീമിയർ ലീഗിൽ ആദ്യ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സീസണിൽ സ്പർസിന് ആദ്യ പരാജയം. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്ന സ്പർസ് ഇന്ന് ക്രിസ്റ്റൽ പാലസിനു മുന്നിലാണ് പരാജയപ്പെട്ടത്. പാലസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പാലസ് വിജയം. ക്രിസ്റ്റൽ പാലസ് പരിശീലകനായ ശേഷമുള്ള പാട്രിക് വിയേരയുടെ ലീഗിലെ ആദ്യ വിജയമാണിത്. ഇന്ന് രണ്ടാം പകുതിയിൽ പിറന്ന ഒരു ചുവപ്പ് കാർഡ് ആണ് കളിയുടെ ഗതി മാറ്റിയത്.

58ആം മിനുട്ടിൽ തംഗഗ ആണ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്ത് പോയത്. ഇതിനു ശേഷം കളിയുടെ നിയന്ത്രണം പാലസ് ഏറ്റെടുത്തു. 75ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടിയിൽ നിന്നാണ് ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തത്. സാഹയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. പിന്നാലെ 84ആം മിനുട്ടിൽ പാലസ് എഡ്വാർഡോയിലൂടെ ലീഡ് ഇരട്ടിയാക്കി. സാഹയുടെ ക്രോസിൽ നിന്നായിരുന്നു എഡ്വാർഡോയുടെ ഫിനിഷ്. താരം സബ്ബായി അരങ്ങേറ്റം നടത്താൻ എത്തി ആദ്യ ടച്ചിൽ തന്നെ ഗോൾ നേടുക ആയിരുന്നു.പിന്നാലെ ഇഞ്ച്വറി ടൈമിൽ എഡ്വാർഡോ തന്നെ വീണ്ടും ഗോൾ നേടി തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.

ഈ വിജയത്തോടെ പാലസിന് 4 മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റായി. ഇത്രയും മത്സരങ്ങളിൽ നിന്ന് സ്പർസിന് 9 പോയിന്റാണ് ഉള്ളത്.