ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഇന്ന് ടോട്ടനത്തെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. അതും സ്വന്തം ഗ്രൗണ്ട് ആയ ഓൾഡ് ട്രാഫോർഡിൽ വെച്ചായിരുന്നു ഈ പരാജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹാഗിന്റെ ജോലിയിലുള്ള സമ്മർദം ഇത് കൂട്ടും.
ഇന്ന് വളരെ മോശം രീതിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. അവർ രണ്ടാം മിനിറ്റിൽ തന്നെ ഇന്ന് ഗോൾ വഴങ്ങി. ബ്രണ്ണൻ ജോൺസണിലൂടെ ആണ് ടോട്ടനം ഗോൾ കണ്ടെത്തിയത്. സെന്റർ ബാക്ക് വാൻ ഡെ വെൻ നടത്തിയ ഒരു റണ്ണിനൊടുവിൽ നൽകിയ പാസ് സ്വീകരിച്ച് ഒരു ടാപ്പിന്നിലൂടെ ജോൺസൺ ഗോളടിക്കുക ആയിരുന്നു.
ആദ്യപകുതിയുടെ അവസാനം ഒരു വിവാദ ഡിസിഷനിലൂടെ ബ്രൂണോ ചുവപ്പുകാർഡ് കണ്ടു. ഇതോടെ മാഞ്ചസ്റ്റർ 10 പേരായി ചുരുങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കുളുസുവെസ്കിലൂടെ ടോട്ടനം ലീഡ് ഇരട്ടിയാക്കി. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഉറപ്പായി.
വലിയ നാണക്കേട് ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തിൽ ഊന്നി കളിച്ചു എങ്കിലും ഫലമുണ്ടായില്ല. 78ആം മിനുട്ടിൽ സൊളങ്കെ കൂടെ ഗോൾ നേടി സ്പർസിന്റെ ലീഡ് മൂന്നാക്കി മാറ്റി. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 6 മത്സരങ്ങൾക്കിടയിലുള്ള മൂന്നാം പരാജയം ആണിത്. ഏഴ് പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പന്ത്രണ്ടാം സ്ഥാനത്താണ് ഉള്ളത്. ടോട്ടനം പത്തു പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു.