ഒന്നിനെതിരെ നാല് ഗോളുകൾക്ക് ടോട്ടനത്തെ വീഴ്ത്തി ലെസ്റ്ററിന് തകർപ്പൻ ജയം. മെന്റിയും മാഡിസനും ഇഹ്യോനാച്ചോയും ബാൺസും ലെസ്റ്ററിനായി ലക്ഷ്യം കണ്ടു. ടോട്ടനത്തിന്റെ ആശ്വാസ ഗോൾ ബെന്റാങ്കുർ നേടി. ഇതോടെ ഇരുപത്തിനാല് പോയിന്റുമായി ലെസ്റ്റർ പതിമൂന്നാമതാണ്. ടോട്ടനം അഞ്ചാമതും. സിറ്റിയെ നേരിട്ട ടോട്ടനത്തിന്റെ നിഴൽ മാത്രമായിരുന്നു ഇന്ന് കളത്തിൽ കാണാൻ കഴിഞ്ഞത്.
എതിർ തട്ടകത്തിൽ ടോട്ടനത്തിനായിരുന്നു ആദ്യ കുറച്ചു നിമിഷങ്ങളിൽ മുൻതൂക്കം. പതിനാലാം മിനിറ്റിൽ അവർ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ ബോളിൽ ഡേവിസിന്റെ ശ്രമം വഴി മാറിയപ്പോൾ ബെന്റാങ്കുറിലേക്ക് എത്തുകയായിരുന്നു. താരം അനായാസം ലക്ഷ്യം കണ്ടു. ഓഫ്‌സൈഡ് മണമുള്ളതിനാൽ മിനിറ്റുകൾ നീണ്ട പരിശോധനക്ക് ശേഷമാണ് ഗോൾ അനുവദിച്ചത് ഇരുപതിമൂന്നാം മിനിറ്റിൽ ലെസ്റ്റർ സമനില ഗോൾ നേടി. കോർണറിൽ ക്ലിയർ ചെയ്യപ്പെട്ട പന്തിലേക്ക് ഓടിയടുത്ത് മെന്റി തൊടുത്ത കരുത്തേറിയ ഷോട്ട് ലോറിസിന് ഒരവസരവും നൽകാതെ വലയിൽ പതിച്ചു. പിന്നീട് ലെസ്റ്റർ മാത്രമായിരുന്നു ആദ്യ പകുതിയിൽ ചിത്രത്തിൽ ഉണ്ടായിരുന്നത്. വെറും രണ്ടു മിനിറ്റിന് ശേഷം മാഡിസന്റെ ഗോളിലൂടെ ലെസ്റ്റർ ലീഡ് എടുത്തു. ഇഹ്യോനാച്ചോയുടെ അസിസ്റ്റിൽ ആണ് ഗോൾ വന്നത്. ഇഞ്ചുറി ടൈമിൽ താരം ഗോളും കണ്ടെത്തി. കൗണ്ടർ വഴി എത്തിയ നീക്കത്തിൽ ബോക്സിന് പുറത്തു നിന്നും മുന്നേറ്റ താരം അനായാസം സമയമെടുത്തു ഗോൾ വല കുലുക്കിയപ്പോൾ ടോട്ടനം ഡിഫെൻസ് നോക്കി നിൽക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ബാൺസിന്റെ ഗോൾ വാർ ചെക്കിൽ നിഷേധിച്ചു. എന്നാൽ പിന്നീട് താരം ഒരിക്കൽ കൂടി വല കുലുക്കി പട്ടിക തികച്ചു. ഇഹ്യോനാച്ചോ നേടിയ ഗോളിനോട് സാമ്യമുള്ള ഗോൾ ടോട്ടനം ഡിഫെൻസിന്റെ പിഴവുകൾ തുറന്നു കാണിച്ചു.