ജോസ് മൗറീഞ്ഞോയുടെ കീഴിൽ ഫോം തിരികെയെടുത്ത സ്പർസ് അടുത്ത സീസണിൽ യൂറോപ്പ ലീഗിന് യോഗ്യത ഉറപ്പാക്കി. ക്രിസ്റ്റൽ പാലസിന് എതിരെ സമനില നേടിയതോടെയാണ് അവർ ഗോൾ വ്യത്യാസത്തിൽ വോൾവ്സിനെ മറികടന്ന് യൂറോപ്പ ലീഗ് ഉറപ്പാക്കിയത്. ചെൽസിയോട് അവസാന മത്സരത്തിൽ വോൾവ്സ് എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽകുകയായിരുന്നു. ഇരു ടീമുകളും 59 പോയിന്റ് വീതമാണ് നേടിയത്.
അവസാന മത്സരത്തിൽ തീർത്തും മോശം ഫോമിലുള്ള പലസിന് എതിരെ കളിയുടെ 13 ആം മിനുട്ടിൽ തന്നെ സ്പർസ് ലീഡ് നേടിയിരുന്നു. ലെ സെൽസോയുടെ അസിസ്റ്റിൽ നിന്ന് ഹാരി കെയ്ൻ ആണ് ഗോൾ നേടിയത്. പക്ഷെ രണ്ടാം പകുതിയിൽ കളിയുടെ 53 ആം മിനുട്ടിൽ ശ്ലപ് പാലസിനായി സമനില ഗോൾ നേടിയത് സ്പർസിന് ആശങ്ക സമ്മാനിച്ചെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ കളി അവസാനിപ്പിക്കാൻ അവർക്കായി.
ചെൽസിയോട് നന്നായി തുടങ്ങിയെങ്കിലും ആദ്യ പകുതിക്ക് പിരിയും മുൻപ് വഴങ്ങിയ 2 ഗോളുകൾക്കാണ് വോൾവ്സ് യൂറോപ്യൻ ഫുട്ബാൾ കൈവിട്ടത്. ചെൽസിക്കായി മൌണ്ട്, ജിറൂദ് എന്നിവർ ഗോൾ നേടി.