ആഴ്സണൽ പാർട്ടിയിലൂടെ മറ്റൊരു പാട്രിക് വിയേരയെ ആണ് സ്വന്തമാക്കിയത് എന്നു ഡീഗോ സിമിയോണി

Img 20201013 Wa0374
- Advertisement -

അത്ലറ്റികോ മാഡ്രിഡിൽ നിന്നു ആഴ്സണൽ അവസാന നിമിഷം സ്വന്തമാക്കിയ തോമസ്‌ പാർട്ടി ആഴ്സണലിന് വലിയ നേട്ടം ആവും എന്നു അഭിപ്രായപ്പെട്ടു അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി. യൂറോപ്പിൽ ഏത് വലിയ ടീമിനും കളിക്കാനുള്ള കഴിവുള്ള പാർട്ടി പ്രതിരോധത്തിലും മുന്നേറ്റത്തിലും സഹായിക്കാൻ പറ്റുന്ന താരം ആണെന്നും സിമിയോണി അഭിപ്രായപ്പെട്ടു. കളിയെ കുറിച്ചു നല്ല ബോധ്യമുള്ള പാർട്ടി ഗോൾ അടിക്കാനും ഗോൾ അടിപ്പിക്കാനും വരെ മിടുക്കൻ ആണെന്നും സിമിയോണി അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ മറ്റൊരു പാട്രിക് വിയേര ആയി പാർട്ടി മാറിയേക്കാം എന്ന അഭിപ്രായവും സിമിയോണി പ്രകടിപ്പിച്ചു.

വിയേര ക്ലബ് വിട്ട ശേഷം ആഴ്സണലിന് പലപ്പോഴും മധ്യനിരയിൽ വലിയ ഒരു താരത്തിന്റെ അഭാവം എപ്പോഴും നിഴലിച്ചിരുന്നു. വെങറിന്റെ കീഴിൽ വലിയ നേട്ടങ്ങൾ കൈവരിച്ച ടീമിന്റെ നട്ടെല്ല് ആയിരുന്ന വിയേര ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു. വിയേരയും ആയുള്ള താരതമ്യം പാർട്ടിക്ക് വലിയ സമ്മർദ്ദം നൽകും എങ്കിലും താരം ഇത് അതിജീവിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഘാന താരം ആയ തോമസ് പാർട്ടിയെ ട്രാൻസ്ഫർ ജാലകത്തിലെ അവസാന നിമിഷം റിലീസ് ക്ളോസ് നൽകിയാണ് ആഴ്സണൽ സ്വന്തമാക്കിയത്. ഉറുഗ്വേ താരം ആയ ലൂക്കാസ് ടോറെര ആഴ്സണലിൽ നിന്നു വായ്പ അടിസ്ഥാനത്തിൽ അത്ലറ്റികോ മാഡ്രിഡിലേക്കും പോയി. അടുത്ത ആഴ്ച മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ പാർട്ടി അരങ്ങേറുമോ എന്നത് ആണ് ആരാധകർ ഉറ്റു നോക്കുന്നത്.

Advertisement