മാഞ്ചസ്റ്റർ സിറ്റിയെ ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റി ആക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച ഡേവിഡ് സിൽവക്ക് ഇന്ന് അവസാന പ്രീമിയർ ലീഗ് മത്സരമാണ്. സിൽവ ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയോടും ഇംഗ്ലീഷ് ഫുട്ബോളൊനോടും വിട പറയുകയാണ്. അവസാന പത്തു വർഷമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാന താരമായിരുന്നു സിൽവ.
ഇനി ഒരു ഇംഗ്ലീഷ് ക്ലബിനായും കളിക്കില്ല എന്ന് പറഞ്ഞ സിൽവയുടെ അസാന്നിദ്ധ്യം പ്രീമിയർ ലീഗിന് വലിയ നഷ്ടമായി തന്നെ മാറും. പ്രീമിയർ ലീഗിൽ അവസാന ദശകത്തിലെ ഏറ്റവും മികച്ച താരമായിരിക്കണം സിൽവ. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് കിരീട നേട്ടം മുതൽ ഇപ്പോൾ നാലു കിരീടങ്ങൾ നേടിയത് വരെ സിൽവ മുന്നിൽ ഉണ്ടായിരുന്നു. ഇനി ചാമ്പ്യൻസ് ലീഗ് കൂടെ വിജയിച്ച് കൊണ്ട് സിറ്റി കരിയർ അവസാനിപ്പിക്കാൻ ആകും സിൽവ ആഗ്രഹിക്കുന്നത്.
2010ൽ ആണ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ സിറ്റിക്കായി പ്രീമിയർ ലീഗിൽ 308 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം ലീഗിൽ 60 ഗോളുകളും നേടി. അഞ്ച് ലീഗ് കപ്പും രണ്ട് എഫ് എ കപ്പും കൂടെ സിൽവയുടെ സിറ്റിയിലെ നേട്ടമായുണ്ട്.