പ്രീമിയർ ലീഗിലെ ഈ സീസണിൽ നിന്ന് തരം താഴ്ത്തപ്പെടുന്ന ആദ്യ ടീമായി ഷെഫീൽഡ് യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ വോൾവ്‌സിനോട് തോറ്റതോടെയാണ് ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെട്ടത്. വോൾവ്‌സിനെതിരെ ഷെഫീൽഡ് യുണൈറ്റഡ് പൊരുതി നോക്കിയെങ്കിലും വില്ലിയൻ ജോസെയുടെ ഗോളിൽ ഷെഫീൽഡ് മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു.
പ്രീമിയർ ലീഗിൽ 6 മത്സരങ്ങൾ ശേഷിക്കെയാണ് ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് പുറത്തുപോവുന്നത്. പ്രീമിയർ ലീഗിൽ 2 വർഷം കളിച്ചതിന് ശേഷമാണ് ഷെഫീൽഡ് യുണൈറ്റഡ് പുറത്തു പോവുന്നത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഷെഫീൽഡ് യുണൈറ്റഡ് മികച്ച പ്രകടനവും പുറത്തെടുത്തെങ്കിലും ഈ വർഷം ആ പ്രകടനം ആവർത്തിക്കാൻ അവർക്കായില്ല.
32 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 14 പോയിന്റ് മാത്രമായിരുന്നു ഷെഫീൽഡ് യുണൈറ്റഡിന്റെ സമ്പാദ്യം. ഇതിൽ 4 മത്സരങ്ങൾ മാത്രമാണ് അവർക്ക് ജയിക്കാനായത്. 26 മത്സരങ്ങൾ തോൽക്കുകയും 2 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു.