ഷെഫീൽഡിന്റെ ഷോക്കേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണു

20210128 033802

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു വൻ ട്വിസ്റ്റ്. ലീഗിൽ കഴിഞ്ഞ മാച്ച് ഡേ വരെ ഒന്നാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഗിലെ ഏറ്റവും അവസാനത്തുള്ള ഷെഫീൽഡ് യുണൈറ്റഡ് പരാജയപ്പെടുത്തിയിരിക്കുകയാണ്. അതും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഷെഫീൽഡിന്റെ വിജയം. ഷെഫീൽഡിന്റെ ഈ സീസണിലെ രണ്ടാം വിജയം മാത്രമാണിത്.

ഒരുപാട് മാറ്റങ്ങളുമായി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മികവിലേക്ക് ഇന്ന് ഉയർന്നതെ ഇല്ല. തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിക്കൻ യുണൈറ്റഡ് കഷ്ടപ്പെട്ടു. 23ആം മിനുട്ടിൽ ഷെഫീൽഡിന്റെ ആദ്യ കോർണറിൽ നിന്ന് തന്നെ സന്ദർശകർ ഗോൾ കണ്ടെത്തി. ബ്രയാൻ ആണ് ഡി ഹിയ പതറിയപ്പോൾ ഹെഡറിലൂടെ വല കണ്ടെത്തിയത്.

ഈ ഗോളിന് ഒരു മറുപടി പറയാൻ തന്നെ യുണൈറ്റഡ് കഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ മഗ്വയർ ആണ് യുണൈറ്റഡിന് സമനില നൽകിയത്. ടെലസിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ. പക്ഷെ ഈ ഗോളും യുണൈറ്റഡിനെ നല്ല കളിയിലേക്ക് എത്തിച്ചില്ല. വീണ്ടും അലസമായി കളിച്ച യുണൈറ്റഡിന് വീണ്ടും തിരിച്ചടി കിട്ടി. 74ആം മിനുട്ടിൽ ബർകിന്റെ ഗോളിൽ ഷെഫീൽഡ് യുണൈറ്റഡ് വീണ്ടും ലീഡ് എടുത്തി. ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന് മറുപടി ഉണ്ടായിരുന്നില്ല. യുണൈറ്റഡ് ഇതോടെ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ രണ്ടാമതായി. യുണൈറ്റഡിനെക്കാൽ ഒരു കളി കുറവ് കളിച്ച സിറ്റിക്ക് യുണൈറ്റഡിനെക്കാൾ ഒരു പോയിന്റ് ഇപ്പോൾ കൂടുതൽ ഉണ്ട്.

Previous articleആസ്റ്റൺ വില്ലയെ ഞെട്ടിച്ച് ബേർൺലി ജയം
Next articleവൻ വിജയവുമായി യുവന്റസ് ഇറ്റാലിയൻ കപ്പ് സെമിയിൽ