ടെക്നോളജി ചതിച്ചാശാനേ!! ഗോൾ വലയിലായിട്ടും ഷെഫീൽഡിന് ഗോളില്ല

- Advertisement -

പ്രീമിയർ ലീഗ് പുനരാരംഭിച്ച ആദ്യ മത്സരം തന്നെ വിവാദത്തിൽ. ഇന്ന് വില്ലാപാർക്കിൽ നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിൽ ആയിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തിൽ ആകെ പിറന്ന ഒരു ഗോളാണ്. ആ ഗോൾ ആണെങ്കിൽ റഫറി അനുവദിച്ചതുമില്ല. ഗോൾ ലൈൻ ടെക്നോളജി ചതിച്ചത് കൊണ്ട് മൂന്ന് പോയിന്റ് നഷ്ടമായത് ഷെഫീൽഡ് യുണൈറ്റഡിനാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ആയിരുന്നു ഷെഫീൽഡിന്റെ ഒരു സെറ്റ് പ്ലേ അറ്റാക്കിൽ പന്ത് ആസ്റ്റൺ വില്ലയുടെ വലയിൽ എത്തിയത്. ആസ്റ്റൺ വില്ലയുടെ ഗോൾ കീപ്പർ നൈലാൻഡ് പന്ത് കൈക്കലാക്കിയതിന് ശേഷം ഗോൾവരയ്ക്ക് പിറകിലേക്ക് വീഴുക ആയിരുന്നു. വീഡിയോയിൽ പന്ത് ഗോൾ വര കടന്നത് വ്യക്തമായിരുന്നു. എന്നാൽ റഗറിയുടെ കയ്യിൽ ഉള്ള ഗോൾ ലൈൻ ടെക്നോളജി വാച്ചിൽ ഗോൾ കാണിച്ചില്ല. ഇതോടെ ഗോൾ അനുവദിക്കാനും കഴിഞ്ഞില്ല.

മത്സരത്തിൽ കൂടുതൽ അവസരങ്ങൾ അതിനു ശേഷം ഉണ്ടാക്കിയത് ആസ്റ്റൺ വില്ലയാണ്. പക്ഷെ എല്ലാ അവസരങ്ങളും ഷെഫീൽഡ് കീപ്പർ ഡീൻ ഹെൻഡേഴ്സൺ സമർത്ഥമായി തടഞ്ഞു. മത്സരം 0-0 എന്ന സമനിലയിൽ അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് അഞ്ചാമത് എത്താനുള്ള അവസരം ആണ് ഇതിലൂടെ ഷെഫീൽഡിന് നഷ്ടമായത്. ഇപ്പോൾ 44 പോയന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ഷെഫീൽഡ് ഉള്ളത്.

Advertisement