സൗദി ഉടമകൾ ക്ലബ് ഏറ്റെടുത്ത ശേഷം വലിയ സ്വപ്നങ്ങൾ കാണുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ്. സൗദി ഉടമകൾ ക്ലബ് ഏറ്റെടുക്കുന്നത് വലിയ പ്രതിഷേധങ്ങൾ ആദ്യം ഉണ്ടാക്കിയിരുന്നു എങ്കിലും ന്യൂകാസിൽ യുണൈറ്റഡ് ആരാധകരിൽ ഭൂരിഭാഗവും ക്ലബിന്റെ പുതിയ ഉടമകളിൽ സന്തോഷവാന്മാരാണ്. സൗദിയിലെ മനുഷ്യാവകാശ ലംഘനം എല്ലാം നേരത്തെ ന്യൂകാസിലിന്റെ ഉടമസ്ഥ മാറ്റ സമയത്ത് വിവാദമായിരുന്നു എങ്കിലും അതൊക്കെ പതിയെ കെട്ടടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വിവാദങ്ങൾ ഉണ്ടാവുകയാണ്.
ന്യൂകാസിൽ അടുത്ത സീസണിലേക്ക് ഒരുക്കുന്ന എവേ കിറ്റാണ് പ്രശ്നമായി മാറിയിരിക്കുന്നത്. ന്യൂകസിൽ ഔദ്യോഗികമായി പുറത്ത് വിട്ടില്ല എങ്കിലും അവരുടെ പുതിയ എവേ ജേഴ്സിക്ക് സൗദി അറേബ്യ ദേശീയ ടീമിന്റെ ജേഴ്സിയുമായുള്ള സാമ്യമാണ് പ്രശ്നമായിരിക്കുന്നത്. വെളുത്ത ജേഴ്സിയിൽ പച്ച ബോർഡർ ഉള്ള ജേഴ്സി സൗദി ജേഴ്സിക്ക് സമാനമാണ്. ന്യൂകാസിലിന്റെ ലോഗോയും പച്ച നിറത്തിൽ ആണ് ഉള്ളത്. ഈ ജേഴ്സി പിൻവലിക്കണം എന്നാണ് ഒരുകൂട്ടം ന്യൂകാസിൽ ആരാധകർ പറയുന്നത്. എന്നാൽ കാസ്റ്റോരെ ഡിസൈൻ ചെയ്ത് കിറ്റുമായി തന്നെ മുന്നോട്ട് പോകാൻ ആണ് ന്യൂകാസിലിന്റെ തീരുമാനം.