ഇന്ന് എവർട്ടനെതിരെ സമനിലയോടെ ചെൽസി പരിശീലകൻ മൗറീസിയോ സാരി സൃഷ്ടിച്ചത് പുത്തൻ പ്രീമിയർ ലീഗ് റെക്കോർഡ്. അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ അപരാജിതമായി തുടരുന്ന പരിശീലകൻ എന്ന റെക്കോർഡാണ് സാരി സ്വന്തം പേരിലാക്കിയത്. ലീഗിൽ ഇതുവരെ സാരിക്ക് കീഴിൽ 12 മത്സരങ്ങൾ കളിച്ച ചെൽസി ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല. നോട്ടിങ്ഹാം പരിശീലകനായിരുന്ന ഫ്രാങ്ക് ക്ലാർക്കിന്റെ 11 മത്സരങ്ങൾ എന്ന റെക്കോർഡാണ് സാരി പഴംകഥയാക്കിയത്.
ജൂലൈ മാസത്തിൽ മാത്രം ചെൽസി പരിശീലകനായി നിയമിതനായ സാരി ആദ്യ സീസണിൽ പ്രതിസന്ധികൾ നേരിടും എന്നാണ് പലരും പ്രവചിച്ചതെങ്കിലും ചുരുങ്ങിയ നാളുകൾക്ക് ഉള്ളിൽ തന്നെ തന്റെ ശൈലി അദ്ദേഹം ചെൽസിയിൽ സ്ഥാപിച്ചു. പന്തടക്കത്തിൽ ഊന്നിയുള്ള ആക്രമണ ശൈലിയിലൂടെ ചെൽസിയുടെ മുഖം മിനുക്കിയ സാരിക്ക് ഇനി നേരിടാനുള്ളത് സ്പർസിനെയാണ്. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും സിറ്റിയും ലിവർപൂളുമായുള്ള അകലം പരമാവധി കുറക്കാനാവും സാരിയുടെ ശ്രമം.