സ്വപ്നതുല്യമായ തുടക്കമാണ് ചെൽസിയിൽ മൗറീസിയോ സാരിക് ലഭിച്ചത്. യൂറോപിൽ പോലും ഏറ്റവും അവസാനം തോൽവി അറിഞ്ഞ ടീമായിരുന്നു ചെൽസി സീസണിന്റെ തുടക്കത്തിൽ. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമാറിയുകയായിരുന്നു, പല മത്സരങ്ങളും സാരിയുടെ കയ്യിൽ നിന്നും പോയി. കഴിഞ്ഞ മത്സരത്തിൽ പോലും താരതമ്യേന ദുർബലരായ ബേൺമൗത്തിനോട് വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചെൽസിയുടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ മോശം പരാജയമായിരുന്നു ബേൺമൗത്തിനോടെറ്റ 0-4 എന്ന സ്‌കോർ ലൈൻ. ഒരു ഘട്ടത്തിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചെൽസി ഇപ്പോൾ ആഴ്സണലിനും താഴെ അഞ്ചാമതാണ്. ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ വെറും 2 പോയിന്റ് മുകളിൽ.
ചെൽസിയുടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം മാനേജര്മാരിൽ ഒരാളാണ് ഫിലിപ് സ്‌കോളാരി. ബ്രസീലിന്റെ കൂടെ ലോകകപ്പ് ചാമ്പ്യനായ സ്‌കോളാരി പത്ത് വർഷം മുൻപാണ് ചെൽസിയിൽ നിന്നും പുറത്താക്കപെട്ടത്. 2008 ജൂലൈ മുതൽ 2009 ഫെബ്രുവരി വരെ ചെൽസിയിൽ മാനേജർ ആയിരുന്ന സ്‌കോളാരിയുടെ കീഴിൽ 24 മത്സരങ്ങളിൽ നിന്നും 48 പോയിന്റായിരുന്നു ചെൽസി സ്വന്തമാക്കിയത്. എന്നാൽ നിലവിലെ മാനേജരായ സാരിയുടെ പ്രകടനം ഇതിനേക്കാൾ മോശമാണ് എന്നാണ് റെക്കോർഡുകൾ കാണിക്കുന്നത്.
ആദ്യ 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ പരാജയം അറിയാതിരുന്ന സാരി എന്നാൽ പിന്നീടുള്ള 12 മത്സരങ്ങളിൽ 5 പരാജയം ഏറ്റുവാങ്ങി. 24 മത്സരങ്ങളിൽ നിന്നും 47 പോയിന്റ് മാത്രം സമ്പാദ്യം. സ്‌കോളാരിയേക്കാൾ 1 പോയിന്റ് കുറവാണ് സാരിക്ക് ലഭിച്ചിരിക്കുന്നത്.
ആരാധകരും സാരിക്ക് നേരെ തിരിഞ്ഞിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട കാന്റെയെ ഔട്ട് ഓഫ് പൊസിഷനിൽ കളിപ്പിക്കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. കാന്റെക്ക് പകരം കളിപ്പിക്കുന്ന, സാരി ബാളിന്റെ എഞ്ചിൻ എന്നറിയപ്പെടുന്ന ജോർജിഞ്ഞോ പരാജയപ്പെടുന്നതും ആരാധകരെ സാരിക്ക് നേരെ തിരിപ്പിക്കുന്നുണ്ട്. ബേൺമൗത്തിനോട് ഏറ്റ തോൽവിക്ക് ശേഷം സാരി ആരാധകരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. മത്സര ശേഷം ടീം ബസിൽ ഉപയോഗിക്കാതെ ടാക്സിയിൽ ആണ് സാരി തിരിച്ചു വന്നത്.
സാരി തന്റെ ജോലിക്ക് വേണ്ടി പോരാടുകയാണ് ഇപ്പോൾ, കളിക്കാർ “സാരി ബാൾ” ടാക്സിക്‌സ് മനസിലാക്കാൻ ബുദ്ധിമുട്ടുന്നു എന്നും പക്ഷെ തന്റെ കളി ശൈലി ഒരിക്കലും മാറ്റില്ല എന്നും പറഞ്ഞു കഴിഞ്ഞു സാരി. മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ചെൽസിയിൽ മാനേജർമാർക്ക് നിലനിൽക്കാൻ കഴിയില്ല എന്നതാണ് ചരിത്രം. തന്റെ ശൈലി മാറ്റാതെ തന്നെ സാരി മികച്ച പ്രകടനം നടത്തി ചെൽസിയിൽ തുടരുമോ എന്നു കാത്തിരുന്നു കാണാം.