മാഞ്ചസ്റ്റർ യുണൈറ്റഡിലെ വിവാദങ്ങൾ തുടരുകയാണ്. ഇംഗ്ലീഷ് താരമായ ജേഡൻ സാഞ്ചോക്ക് എതിരെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടി എടുത്തിരിക്കുകയാണ്. അവസാന മത്സരത്തിനു ശേഷം സാഞ്ചോ പരിശീലകന് എതിരെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനാൽ ആദ്യ ടീമിൽ നിന്ന് സാഞ്ചോയെ തൽക്കാലികമായി പുറത്താക്കുന്നതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനോട് പരാജയപ്പെട്ടതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് സാഞ്ചോയ്ക്ക് എതിരെ ഉയർത്തിയ വിമർശനം ആണ് വിവാദങ്ങളുടെ തുടക്കം. സാഞ്ചോ അന്ന് മാച്ച് സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. സാഞ്ചോ പരിശീലനത്തിൽ മോശമായിരുന്നു എന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ ഒരു ലെവൽ വേണം എന്നും അത് സാഞ്ചോക്ക് ഇല്ലാ എന്നും ടെൻ ഹാഗ് മത്സര ശേഷം പറഞ്ഞു.
പ്രകടനങ്ങൾ മോശമായത് കൊണ്ടാണ് താൻ സാഞ്ചോയെ കളിപ്പിക്കാതെ ഇരുന്നത് എന്നും ടെൻ ഹാഗ് പറഞ്ഞു. ഈ പരാമർശത്തിന് പ്രതികരണവുമായി സാഞ്ചോ പിന്നാലെ എത്തി. നിങ്ങൾ കേൾക്കുന്നത് ഒന്നും വിശ്വസിക്കരുത് എന്നും താൻ പരിശീലനത്തിൽ തന്റെ എല്ലാം എപ്പോഴും നൽകാറുണ്ട് എന്നും സാഞ്ചോ പറഞ്ഞു. തന്നെ ഇരയാക്കരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
സാഞ്ചോക്ക് സസ്പെൻഷൻ കിട്ടിയതോടെ യുണൈറ്റഡിന് റൈറ്റ് വിങ്ങിൽ പെലിസ്ട്രിയെ ആശ്രയിക്കേണ്ടി വരും. സാഞ്ചോ മാത്രമല്ല ആന്റണിയും ഇപ്പോൾ ടീമിൽ നിന്ന് പുറത്താണ്. ആന്റണിക്ക് എതിരെ കേസ് അന്വേഷണം നടക്കുന്നതിനാലാണ് അദ്ദേഹം പുറത്തായിരിക്കുന്നത്.