മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നങ്ങൾ കൂടുകയാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ അലക്സിസ് സാഞ്ചേസിന് രണ്ട് മാസത്തോളം കളിക്കാൻ കഴിയില്ല എന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. സൗതാമ്പ്ടണെതിരായ മത്സരത്തിനിടെയായിരുന്നു സാഞ്ചേസിന്റെ മുട്ടിന് പരിക്കേറ്റത്. ഈ സീസണിൽ നിരവധി മത്സരങ്ങൾ പരിക്ക് കൊണ്ട് നഷ്ടമായ താരമാണ് സാഞ്ചേസ്.
സാഞ്ചേസ് കൂടെ പുറത്തായതോടെ ആദ്യ ഇലവനിൽ ഇറക്കാൻ താരങ്ങളില്ലാത്ത അവസ്ഥയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. 3 അറ്റാക്കിംഗ് താരങ്ങളെ മുന്നിൽ ഇറക്കി കളിക്കുന്ന ഒലെയ്ക്ക് മൂന്ന് അറ്റാക്കിംഗ് താരങ്ങളെ എടുക്കാൻ ഇല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. ലിംഗാർഡ്, മാർഷ്യൽ, മാറ്റ എന്നിവർ നേരത്തെ തന്നെ പരിക്കിന്റെ പിടിയിലായിരുന്നു. റാഷ്ഫോർഡും ലുകാലുവും മാത്രമാണ് അറ്റാക്കിംഗ് താരങ്ങളായി ഇപ്പോൾ ടീമിൽ ഉള്ളത്.
അക്കാദമി താരങ്ങളായ തഹിത് ചോങ്ങിനെയും ഏഞ്ചൽ ഗോമസിനെയും അടുത്ത മത്സരത്തിൽ സോൾഷ്യർ അണിനിരത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പി എസ് ജിക്ക് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. അറ്റാക്കിംഗ് താരങ്ങൾ മാത്രമല്ല, മാറ്റിച്, ഹെരേര,വലൻസിയ, ജോൺസ്, ഡാർബിയൻ തുടങ്ങി വലിയ നിര തന്നെ മാഞ്ചസ്റ്ററിൽ പരിക്കിന്റെ പിടിയിലാണ്.