മുൻ ആഴ്‌സണൽ – മാഞ്ചസ്റ്റർ സിറ്റി താരം സമിർ നസ്‌റി വീണ്ടും പ്രീമിയർ ലീഗിലേക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ 18 മാസത്തോളം നീണ്ട വിലക്ക് ഇന്നലെ കഴിഞ്ഞതോടെയാണ് നസ്‌റി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാമിൽ എത്തിയത്. ഈ സീസണിന്റെ അവസാനം വരെയാണ് കരാർ എങ്കിലും ഒരു വർഷം കൂടി കരാർ നീട്ടാനുള്ള സാധ്യത താരത്തിന്റെ കരാറിൽ ഉണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെ രണ്ടു പ്രീമിയർ ലീഗ് കിരീടവും ഒരു ലീഗ് കപ്പ് കിരീടവും നസ്‌റി നേടിയിട്ടുണ്ട്. നേരത്തെ വെസ്റ്റ് ഹാം പരിശീലകൻ മാനുവൽ പെല്ലെഗ്രിനിക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നസ്‌റി കളിച്ചിട്ടുണ്ട്. എന്നാൽ പെപ് ഗ്വാർഡിയോള വന്നതോടെ ടീമിൽ സ്ഥാനം നഷ്ട്ടപെട്ട നസ്‌റി ലോൺ അടിസ്ഥാനത്തിൽ സെവിയ്യയിൽ കളിച്ചിരുന്നു. ഇവിടെ വെച്ചാണ് ഉത്തേജക വിവാദം ഉണ്ടായത്.
2008ൽ ആഴ്സണലിൽ എത്തിയ നസ്‌റി അവിടെ മൂന്ന് വർഷം കളിച്ചതിന് ശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. 2018 ഫെബ്രുവരിയിലാണ് മുൻ കാല പ്രാബല്യത്തോടെ നസ്‌റിയെ യുവേഫ വിലക്കുന്നത്. വേൾഡ് ഡോപിങ് അതോറിറ്റിയുടെ നിയമങ്ങൾ ലംഘിച്ചതോടെയാണ് നസ്‌റിക്ക് വിലക്ക് വന്നത്.