പരിശീലകനായ ബിലിച്ചിനെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ബ്രോം. മുൻ ഇംഗ്ലണ്ട് പരിശീലകനും ബിഗ് സാം എന്നും അറിയപ്പെടുന്ന സാം അല്ലാര്‍ഡിസിനെയാണ് വെസ്റ്റ്ബ്രോം പരിശീലകനായി നിയമിച്ചത്. മാഞ്ചസ്റ്റർ സിറ്റിയെ 1-1ന് സമനിലയിൽ തളച്ച് 24 മണിക്കൂർ കഴിയുന്നതിന് മുൻപാണ് പരിശീലകനായ ബിലിച്ചിനെ വെസ്റ്റ്ബ്രോം പുറത്താക്കിയത്.
18 മാസത്തെ കരാറിലാണ് അല്ലാര്‍ഡിസിനെ പരിശീലകനായി വെസ്റ്റ്ബ്രോം നിയമിച്ചത്. എന്നാൽ വെസ്റ്റ്ബ്രോം പ്രീമിയർ ലീഗിൽ നിന്ന് ഈ വർഷം തരംതാഴ്ത്തപെടുകയാണെങ്കിൽ കരാർ റദ്ദാക്കാനുള്ള സ്വാതന്ത്യവും കരാറിൽ ഉണ്ട്. 2018ൽ എവർട്ടൺ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം ആദ്യമായാണ് സാം അല്ലാര്‍ഡിസിന് പരിശീലക ജോലിയിലേക്ക് തിരികെയെത്തുന്നത്.
റെലിഗെഷൻ ഭീഷണി നേരിടുന്ന ടീമുകളെ പ്രീമിയർ ലീഗിൽ തന്നെ നിലനിർത്തുന്നതിൽ പേരുകേട്ട പരിശീലകനാണ് സാം അല്ലാര്‍ഡിസ്. സാം അല്ലാര്‍ഡിസ് പരിശീലിപ്പിച്ച ഒരു ടീമും ഇതുവരെ പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെടുകയും ചെയ്തിട്ടില്ല. നിലവിൽ പ്രീമിയർ ലീഗ് സീസണിൽ ഒരു മത്സരം മാത്രം ജയിച്ച വെസ്റ്റ്ബ്രോം പോയിന്റ് പട്ടികയിൽ 19ആം സ്ഥാനത്താണ്.