ഫുട്ബോൾ ലോകത്തിന്റെ പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് കാർഡിഫ് സിറ്റി താരം എമിലാനോ സലയെ വഹിച്ചുകൊണ്ട് തകർന്ന് വീണ വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ ഇംഗ്ലീഷ് ചാനലിൽ നിന്ന് കണ്ടെടുത്തു. കടലിന്റെ അടിത്തട്ടിൽ നിന്നാണ് സലയുടെ വിമാനം കണ്ടെടുത്തത്. സലയോടൊപ്പം വിമാനത്തിന്റെ പൈലറ്റ് ആയിരുന്ന ഡേവിഡ് ഇബ്ബോട്സൺ സലയോടൊപ്പം കാണാതായിരുന്നു.
ജനുവരി 21നാണ് സലയെയും വഹിച്ചുകൊണ്ടുള്ള വിമാനം കാണാതായത്. ജനുവരി 19ന് ക്ലബ് റെക്കോർഡ് തുകക്ക് കാർഡിഫ് സിറ്റിയിൽ ചേർന്ന സല ഫ്രഞ്ച് ക്ലബായ നാന്റസിലെ തന്റെ സഹ താരങ്ങളോട് യാത്രപറഞ്ഞ് മടങ്ങി വരും വഴിയാണ് അപകടം നടന്നത്. അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷം തിരച്ചിൽ നിർത്തിയെങ്കിലും സലയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ക്രൗഡ് ഫണ്ടിങ്ങും ഉപയോഗിച്ച് സലയെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. മെസ്സിയും അഗ്വേറൊയുമടക്കമുള്ള താരങ്ങളും ഇതിലേക്ക് സംഭാവനകൾ നൽകിയിരുന്നു.