ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ പോരാട്ടത്തിൽ നിർണായകമായ സൗത്ത് കോസ്റ്റ് ഡാർബിയിൽ സൗത്താപ്റ്റണിനെ അവരുടെ മൈതാനത്ത് മറികടന്നു ബോർൺമൗത്ത്. തുടർച്ചയായ മൂന്നാം എവേ ജയം കുറിച്ച ബോർൺമൗത്ത് സെയിന്റ്സ് തരം താഴ്ത്തൽ കൂടി ഏകദേശം ഉറപ്പാക്കി. വെറും 5 മത്സരങ്ങൾ അവശേഷിക്കുന്ന സമയത്ത് 24 പോയിന്റുകളും ആയി അവസാന സ്ഥാനത്ത് നിൽക്കുന്ന സെയിന്റ്സ് ഇനി ഈ സീസണിൽ പ്രീമിയർ ലീഗിൽ തുടരണം എങ്കിൽ അത്ഭുതം സംഭവിക്കണം. ജയത്തോടെ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ തുടരും എന്ന കാര്യം ചെറീസ് ഏകദേശം ഉറപ്പാക്കി.
മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വച്ചത് സൗത്താപ്റ്റൺ ആയിരുന്നു. ഇടക്ക് ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങുകയും ചെയ്തു. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ 50 മത്തെ മിനിറ്റിൽ ചെറീസ് മത്സരത്തിലെ വിജയഗോൾ കണ്ടത്തി. ഡൊമനിക് സൊളാങ്കെയുടെ പാസിൽ നിന്നു മാർകസ് ടാവർനിയർ ആണ് ബോർൺമൗത്തിനു നിർണായക ഗോൾ സമ്മാനിച്ചത്. മത്സരത്തിൽ അവസാന മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ചെ ആദംസ് സ്റ്റുവർട്ട് ആംസ്ട്രോങ്ങിന്റെ പാസിൽ നിന്നു ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. പ്രീമിയർ ലീഗിൽ ഒരു പതിറ്റാണ്ടിൽ അധികമായുള്ള സൗത്താപ്റ്റണിന്റെ നിലനിൽപ്പ് ആണ് നിലവിൽ വലിയ പ്രതിസന്ധി നേരിടുന്നത്.