ഇംഗ്ലീഷ് പ്രീമിയ ലീഗ് ക്ലബായ ടോട്ടനത്തിന്റെ താൽക്കാലിക പരിശീലകനായ റയാൻ മേസൺ തനിക്ക് ഭാവിയിൽ സ്പർസിന്റെ സ്ഥിര പരിശീലകനാവണം എന്ന് ആഗ്രഹമുണ്ട് എന്ന് പറഞ്ഞു. ജോസെ മൗറീനോ പുറത്തായതു മുതൽ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കുകയാണ് മുൻ സ്പർസ് താരം കൂടിയായ മേസൺ. എന്നാൽ മേസണ് കീഴിൽ ടീം കാര്യമായി പ്രകടനങ്ങൾ മെച്ചപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മേസണെ മാറ്റി പുതിയ പരിശീലകനെ കൊണ്ടുവരാൻ ആണ് സ്പർസ് ആലോചിക്കുന്നത്.
സ്പർസ് തനിക്ക് ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്ര വലിയ അവസരം തന്നതിൽ വലിയ സന്തോഷം ഉണ്ട് എന്ന് മേസൺ പറയുന്നു. 29കാരനായ മേസൺ ക്ലബ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ്. ഈ ക്ലബിനോട് താൻ ഒരിക്കലും നോ പറയില്ല എന്ന് മേസൺ പറഞ്ഞു. ഫുട്ബോളിൽ തനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അതിലാകും ഇനി ശ്രദ്ധ. ഈ ക്ലബിന് എന്താണോ നല്ലത് അതാണ് തനിക്കും വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പത്തോ ഇരുപതോ വർഷം കഴിഞ്ഞ് ഈ ക്ലബിൽ പരിശീലകനായി മടങ്ങി എത്തണം എന്നും മേസൺ പറഞ്ഞു.