ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സ്വന്തമാക്കാൻ ടോട്ടൻഹാമും പി.എസ്.ജിയും ശ്രമം നടത്തിയെന്ന് ചെൽസി പ്രതിരോധ താരം അന്റോണിയോ റൂഡിഗർ. മുൻ ചെൽസി പരിശീലകനായ ഫ്രാങ്ക് ലാമ്പർഡിന് കീഴിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് അന്റോണിയോ റൂഡിഗറിന് മറ്റു ടീമുകളിൽ നിന്ന് ഓഫറുകൾ വന്നത്.
എന്നാൽ ചെൽസിയിൽ തോമസ് ടൂഹൽ പരിശീലകനായി എത്തിയതോടെ ടീമിലെ സ്ഥിര സാന്നിധ്യമായി അന്റോണിയോ റൂഡിഗർ മാറിയിരുന്നു. ഒരിക്കലും ചെൽസിയിൽ അവസരം ലഭിക്കാതിരുക്കുമെന്ന് താൻ കരുതിയില്ലെന്നും എന്നാൽ അവസാനം തനിക്ക് ടീമിൽ അവസരം ലഭിച്ചെന്നും റൂഡിഗർ പറഞ്ഞു. ജനുവരിയിൽ തനിക്ക് പി.എസ്.ജിയിൽ നിന്നും ടോട്ടൻഹാമിൽ നിന്നും ഓഫറുകൾ വന്നിരുന്നെന്നും എന്നാൽ താൻ ചെൽസി വിടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും റൂഡിഗർ വ്യക്തമാക്കി.
മറ്റു ടീമുകളിൽ നിന്ന് ഓഫറുകൾ വന്നപ്പോൾ താൻ ഫ്രാങ്ക് ലാമ്പർഡുമായി സംസാരിച്ചെന്നും തുടർന്ന് താൻ പകരക്കാരുടെ ബെഞ്ചിൽ എത്തിയെന്നും റൂഡിഗർ പറഞ്ഞു. തുടർന്ന് അവിടെന്ന് മികച്ച പ്രകടനം നടത്തിയാണ് താൻ ടീമിൽ തിരിച്ചെത്തിയെന്നും റൂഡിഗർ പറഞ്ഞു. ക്ലബും തന്നെ വളരെ മികച്ച രീതിയിലാണ് തന്നെ പരിഗണിച്ചതെന്നും ഫ്രാങ്ക് ലാമ്പർഡും ക്ലബും ഒരിക്കലും തന്നോട് ക്ലബ് വിടാൻ ആവശ്യപെട്ടിട്ടില്ലെന്നും റൂഡിഗർ കൂട്ടിച്ചേർത്തു.