ക്രിസ്റ്റ്യാനോ..ഇതാണ് തിരിച്ചുവരവ്!! റൊണാൾഡോയുടെ തിരിച്ചുവരവ് ആഘോഷമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡും ആരാധകരും സ്വപ്ന ലോകത്താകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 12 വർഷത്തിനു ശേഷമുള്ള തിരിച്ചുവരവ് റൊണാൾഡോയും യുണൈറ്റഡും ആഘോഷമാക്കി എന്ന് തന്നെ പറയാം. റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിനെ 4-1ന് ഇന്ന് പരാജയപ്പെടുത്തി. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് ടേബിളിൽ ഒന്നാമതും എത്തി.

തീർത്തും ഡിഫൻസിൽ ഊന്നിയാണ് ന്യൂകാസിൽ ഇന്ന് മത്സരം ആരംഭിച്ചത്. അതുകൊണ്ട് തന്നെ അവസരങ്ങൾ സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കത്തിൽ പ്രയാസപ്പെട്ടു. ബ്രൂണോ മൈതാനത്തിന്റെ പകുതിക്ക് വെച്ച് എടുത്ത ഒരു ഷോട്ടായിരുന്നു യുണൈറ്റഡിന്റെ ആദ്യത്തെ മികച്ച അവസരം. ഗോൾ കീപ്പറെ ആ ഷോട്ട് ഒന്ന് ഞെട്ടിച്ചു എങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പന്ത് കൈവശം വെച്ച് കളിച്ച യുണൈറ്റഡ് പതിയെ അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ബ്രൂണോയുടെ ഒരു ക്രോസ് ഡൈവ് ചെയ്ത ഗ്രീൻവുഡിന്റെ ബൂട്ടുകൾക്ക് എത്തിയില്ല.

ആദ്യ പകുതിയുടെ അവസാന നിമിഷം ആണ് എവരും കാത്തു നിന്ന നിമിഷം എത്തിയത്. റൊണാൾഡോയുടെ ഗോൾ. വലതു വിങ്ങിൽ നിന്ന് ഗ്രീൻവുഡ് തൊടുത്ത ഷോട്ട് കയ്യിൽ ഒതുക്കാൻ ന്യൂകാസിൽ കീപ്പർ വുഡ്മാനായില്ല, ആ പന്ത് ഒഴിഞ്ഞു കിടക്കുന്ന വലയിലേക്ക് തട്ടിയിട്ടു കൊണ്ട് റൊണാൾഡോ തന്റെ തിരിച്ചുവരവ് അറിയിച്ചു. ഗോളുമായി ഒരു മടങ്ങി വരവ്.

രണ്ടാം പകുതി മയത്തിൽ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് അധികം വൈകാതെ ന്യൂകാസിൽ പ്രഹരമേറ്റു. 56ആം മിനുട്ടിൽ മഗ്വയർ മൈതാന മധ്യത്തിൽ വെച്ച് ഒരു ടാക്കിളിൽ പരാജയപ്പെട്ടപ്പോൾ ന്യൂകാസിൽ എതുർമുഖത്തേക്ക് കുതിച്ചു. യുണൈറ്റഡ് ഡിഫൻസിൽ ഒറ്റയ്ക്ക് നിൽക്കുക ആയിരുന്ന വരാനെയെയും മറികടന്ന അവർ സമനില കണ്ടെത്തി. മക്സിമിന്റെ പാസിൽ നിന്ന് മക്വിലോ ആണ് ന്യൂകാസിലിനെ ഒപ്പം എത്തിച്ചത്.

പക്ഷെ യുണൈറ്റഡ് പതറിയില്ല‌. റൊണാൾഡോ ഉണ്ട് എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ധൈര്യം മിനുട്ടുകൾക്ക് അകം ഫലം കണ്ടു. 62ആം മിനുട്ടിൽ ലൂക് ഷോ മികച്ച റണ്ണിന് ഒടുവിൽ റൊണാൾഡോക്ക് പാസ് നൽകി. റൊണാൾഡോ തന്റെ ഇടം കാലു കൊണ്ട് പന്ത് വലയിൽ എത്തിച്ച് സ്റ്റെഫോർഡ് എൻഡിനു മുന്നിൽ നൃത്തം വെച്ചു. സ്കോർ 2-1

67ആം മിനുട്ടിൽ ന്യൂകാസിൽ വീണ്ടും സമനിലക്ക് അടുത്ത് എത്തി. ഇത്തവണ ജോലിങ്ടന്റെ ഷോട്ട് ഡി ഹിയ കരുത്തുറ്റ കൈകളോടെ സേവ് ചെയ്തു.
റൊണാൾഡോയുടെ തിരിച്ചുവരവിൽ ഏവരും തൽക്കാലം മറന്ന ബ്രൂണോയുടെ ഷോ ആയിരുന്നു അടുത്തത്. 80ആം മിനുട്ടിൽ പോഗ്ബയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഗംഭീര സ്ട്രൈക്കിലൂടെ ബ്രൂണോ യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടി. താരത്തിന്റെ സീസണിലെ നാലാം ഗോളും പോഗ്ബയുടെ സീസണിലെ ആറാം അസിസ്റ്റുമായിരുന്നു ഇത്. ഈ ഗോളോടെ യുണൈറ്റഡ് വിജയം ഉറപ്പായി.

എന്നിട്ടും യുണൈറ്റഡ് നിർത്തിയില്ല. ഇഞ്ച്വറി ടൈമിൽ ലിംഗാർഡിലൂടെ യുണൈറ്റഡ് നാലാം ഗോളും നേടി. ഇത്തവണയും പോഗ്ബയുടെ അസിസ്റ്റ്. മാർഷ്യലിന്റെ ഡമ്മിയും ഗോളിൽ പ്രധാനമായി. പോഗ്ബയ്ക്ക് ഇതോടെ ഏഴ് അസിസ്റ്റുകളായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിൽ നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി. ന്യൂകാസിൽ അവരുടെ ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ്.