“മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്ര പെട്ടെന്ന് ഇങ്ങനെ കളിക്കും എന്ന് കരുതിയില്ല” – റാങ്നിക്ക്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റൽ പാലസിനെതിരായ പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്ന് പരിശീലകൻ റാൾഫ് റാങ്നിക്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് റാൾഫ് ആഗ്രഹിച്ചതു പോലുള്ള പ്രസിംഗ് ഫുട്ബോൾ ആയിരുന്നു കാഴ്ചവെച്ചത്. തനിക്ക് ആകെ 45 മിനുട്ട് മാത്രമേ ഈ ടീമിനെ പരിശീലിപ്പിക്കാൻ ആയിരുന്നുള്ളൂ എന്നും അതുകൊണ്ട് തന്നെ ടീം ഇത്ര പെട്ടെന്ന് ഇങ്ങനെ നന്നായി കളിക്കും എന്ന് കരുതിയില്ല എന്നും റാങ്നിക് പറഞ്ഞു.

“ടീമിന്റെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തി എന്ന് ഞാൻ സമ്മതില്ലുമ്മു. ഞാൻ അൽപ്പം ആശ്ചര്യപ്പെട്ടു, കാരണം ഞങ്ങൾ വ്യാഴാഴ്‌ച കളിച്ചതാണ് എന്ന് മാത്രമല്ല ക്രിസ്റ്റൽ പാലസിനെ അപേക്ഷിച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഞങ്ങൾക്ക് രണ്ട് ദിവസം കുറവായിരുന്നു” – പുതിയ പരിശീലകൻ പറഞ്ഞു.

“ഞങ്ങൾക്ക് ഇന്നലെ ഒരു മുഴുവൻ പരിശീലന സെഷൻ പോലും ഉണ്ടായിരുന്നില്ല, ആകെ 45 മിനിറ്റായിരുന്നു പരിശീലനം നടത്തിയത്. ബാക്കി സമയം താൻ ടീമിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് എല്ലാവരോടും പറയുക ആയിരുന്നു” റാങ്നിക് പറഞ്ഞു.