തുടർച്ചയായ അഞ്ചാം ലീഗ് വിജയം, മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാമത്

Newsroom

പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാമത് എത്തി. ഇന്ന് വാറ്റ്ഫോർഡ്നെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. തുടക്കം മുതൽ സിറ്റിയുടെ ആധിപത്യം ആണ് ഇന്ന് കണ്ടത്. നാലാം മിനുട്ടിൽ സ്റ്റെർലിംഗിലൂടെ ആണ് സിറ്റി ആദ്യ ഗോൾ നേടിയത്. സിറ്റിയുടെ അടുത്ത രണ്ടു ഗോളുകളും നേടിയത് ബെർണാഡോ സിൽവ ആണ്. ഈ രണ്ടു ഗോളുകളോടെ ബെർണാഡോയ്ക്ക് ഈ സീസണിൽ ഏഴ് ലീഗ് ഗോളുകളായി.

സിറ്റി ഇന്ന് 13 ഷോട്ട് ടാർഗറ്റിലേക്ക് തൊടുത്തിട്ടും 3 ഗോളുകൾ മാത്രമെ നേടാൻ ആയുള്ളൂ എന്നത് പരിശീലകൻ പെപിനെ നിരാശപ്പെടുത്തി. അടുത്ത തവണ എങ്കിലും സിറ്റി ഈ അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്ന് മത്സര ശേഷം ഗ്വാർഡിയോള പറഞ്ഞു. കുചോ ആണ് ഇന്ന് വാറ്റ്ഫോർഡിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോടെ സിറ്റി ലീഗിൽ ഒന്നാമത് എത്തി. 35 പോയിന്റാണ് സിറ്റിക്ക് ഉള്ളത്.