ജയത്തോടെ സീസൺ അവസാനിപ്പിച്ച് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ

പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ ലിവർപൂളിന് ജയം. ന്യൂ കാസിലിനെയാണ് ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയർ ലീഗ് കിരീടം നേടിയ സീസൺ വിജയത്തോടെ അവസാനിപ്പിക്കാൻ ലിവർപൂളിനായി. മുഹമ്മദ് സല, സാദിയോ മാനെ, ഫിർമിനോ എന്നിവരെ ബെഞ്ചിൽ ഇരുത്തിയാണ് ലിവർപൂൾ മത്സരം ആരംഭിച്ചത്.

എന്നാൽ ലിവർപൂളിന് തുടക്കത്തിൽ കാര്യങ്ങൾ അനായാസമായിരുന്നില്ല. ആദ്യ മിനുട്ടിൽ തന്നെ ഗെയ്‌ലിന്റെ ഗോളിലൂടെ ന്യൂ കാസിലാണ് മുൻപിൽ എത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് വാൻ ഡൈകിന്റെ ഗോളിലൂടെ ലിവർപൂൾ സമനില പിടിക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയുടെ 59ആം മിനുട്ടിൽ ഒറിഗിയും 89ആവും മിനുട്ടിൽ മാനെയുടെയും ഗോളിലൂടെ ലിവർപൂൾ ജയത്തോടെ സീസൺ അവസാനിപ്പിച്ചു. ജയത്തോടെ പ്രീമിയർ ലീഗ് സീസണിൽ 99 പോയിന്റ് നേടാനും ലിവർപൂളിനായി.  ന്യൂ കേസിൽ 44 പോയിന്റുമായി 13ആം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.