ഒക്ടോബർ മാസത്തിലെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനും താരവും ഗോളും എല്ലാം ന്യൂകാസ്റ്റിൽ യുണൈറ്റഡിൽ നിന്നു

പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തിലെ മികച്ച താരവും മികച്ച പരിശീലകനും മികച്ച ഗോളും എല്ലാം തൂത്ത് വാരി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഒക്ടോബർ മാസത്തിൽ പരാജയം അറിയാത്ത ന്യൂകാസ്റ്റിൽ കളിച്ച ആറു കളികളിൽ അഞ്ചു ജയം കുറിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ആയി ഓൾഡ് ട്രാഫോർഡിൽ സമനിലയും നേടി. 6 കളികളിൽ നിന്നു 16 ഗോളുകൾ ആണ് ഈ കാലത്ത് ന്യൂകാസ്റ്റിൽ അടിച്ചു കൂട്ടിയത്. ഇതോടെ ഒക്ടോബറിൽ സമാന റെക്കോർഡ് ഉള്ള ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയെ മറികടന്നു എഡി ഹൗ മികച്ച പരിശീലകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂകാസ്റ്റിൽ

അതേസമയം ഈ സമയത്ത് അവിശ്വസനീയ മികവ് തുടർന്ന ന്യൂകാസ്റ്റിൽ താരം മിഗ്വൽ അൽമിറോൺ ആണ് ഒക്‌ടോബർ മാസത്തെ മികച്ച താരം ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബറിൽ തുടർച്ചയായ കളികളിൽ ഗോൾ നേടിയ പരാഗ്വയെൻ താരം കഴിഞ്ഞ 7 കളികളിൽ 7 ഗോളുകൾ ആണ് നേടിയത്. ഫുൾഹാമിനു എതിരായ മിഗ്വൽ അൽമിറോണിന്റെ തകർപ്പൻ വോളി ഒക്ടോബർ മാസത്തെ മികച്ച ഗോളുമായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ മാസത്തെ അപരാജിത കുതിപ്പിനെ തുടർന്ന് പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്ത് ആണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. അതേസമയം ആസ്റ്റൺ വില്ലക്ക് എതിരായ ചെൽസി ഗോൾ കീപ്പർ കെപയുടെ അവിശ്വസനീയ രക്ഷപ്പെടുത്തൽ ഒക്ടോബർ മാസത്തെ മികച്ച സേവ് ആയും തിരഞ്ഞെടുക്കപ്പെട്ടു.