ഇന്ന് വില്ലാ പാർക്കിൽ ആസ്റ്റൺ വില്ലയിൽ നിന്ന് ശക്തമായ പോരാട്ടം തന്നെ ലിവർപൂൾ നേരിട്ടു. ലിവർപൂളിന് തുടക്കം നല്ല രീതിയിൽ ആയിരുന്നു. മത്സരം ആരംഭിച്ച് 5 മിനുട്ടിൽ തന്നെ അവർ ലീഡ് എടുത്തു. അലക്സാണ്ടർ അർനോൾഡിന്റെ ഒരു പാസ് പെനാൾറ്റ്യി ബോക്സിലേക്ക് റൺ ചെയ്ത റൊബേർട്സണെ കണ്ടെത്തി. റൊബേർട്സൺ ഫസ്റ്റ് ടച്ച് പാസിലൂടെ സലായെയും കണ്ടെത്തി. സലാ ലിവർപൂളിന് ലീഡ് നൽകി. സ്കോർ 1-0.
അധികം താമസിയാതെ മാറ്റിപിലൂടെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. എന്നാൽ 35ആം മിനുട്ടിൽ വാൻ ഡൈകിലൂടെ ലീഡ് ഉയർത്താൻ ലിവർപൂളിനായി. ഒരു കോർണറിൽ നിന്ന് സലായുടെ പാസ് സ്വീകരിച്ചാണ് വാൻ ഡൈക് ഗോൾ നേടിയത്. സ്കോർ 2-0.
രണ്ടാം പകുതിയിൽ വില്ല തുടരെ ലിവർപൂളിന് മേൽ സമ്മർദ്ദം ചെലുത്തി. 59ആം മിനുട്ടിൽ ഡഗ്ലസ് ലൂയിസിന്റെ ക്രോസിൽ നിന്ന് വാറ്റ്കിൻസ് ആണ് വില്ലയുടെ ഗോൾ നേടിയത്. സ്കോർ 2-1. പിന്നെ വില്ല സമനിലക്കായി പൊരുതി. ഇതിനിടയിൽ സബ്ബായി എത്തിയ യുവതാരം സ്റ്റെഫാൻ ബാക്റ്റിക് ലിവർപൂളിന്റെ മൂന്നാം ഗോൾ നേടി. 18കാരന്റെ ഗോൾ ലിവർപൂൾ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ലിവർപൂൾ 25 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറി. ആസ്റ്റൺ വില്ല 12ആം സ്ഥാനത്താണ് ഉള്ളത്.