പെനാൾട്ടി എടുക്കുന്ന ശൈലി മാറ്റുമെന്ന് പോഗ്ബ

- Advertisement -

പെനാൾട്ടി എടുക്കുന്ന തന്റെ ശൈലി മാറ്റി പുതിയ ശൈലി സ്വീകരിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ. ഇന്നലെ എവർട്ടണെതിരെ പോഗ്ബ എടുത്ത പെനാൾട്ടി പിക്ഫോർഡ് സേവ് ചെയ്തിരുന്നു. പോഗ്ബയുടെ ഭാഗ്യം കൊണ്ട് മാത്രം പന്ത് തിരികെ പോഗ്ബയുടെ കാലിൽ തന്നെ എത്തുകയും ഗോൾ ആവുകയുമായിരുന്നു. വളരെ പതുക്കെ സ്റ്റെപ്പുകൾ എടുത്തു വെച്ചാണ് പോഗ്ബ പെനാൾട്ടി എടുക്കുന്നത്.

ഇന്നലെ പോഗ്ബയുടെ പെനാൾട്ടി എടുക്കാനുള്ള ഓട്ടം 12 സെക്കൻഡിന് മേലെ ആയിരുന്നു. ഇതിനെ തമാശയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ലൂക് ഷോ തന്നെ രംഗത്ത് വന്നിരുന്നു. പോഗ്ബ പെനാൾട്ടി എടുക്കാൻ ഉള്ള സമയം ഉണ്ടെങ്കിൽ വിരമിച്ച് തിരിച്ചു വന്നു പുതിയ കരാർ ഒപ്പിടാൻ വരെ സമയമുണ്ട് എന്ന് ഷോ തമാശയായി പറഞ്ഞു. എന്നാൽ താമശയാക്കുന്നതിനാൽ അല്ല മറിച്ച് ഗോൾ കീപ്പർമാർ തന്റെ പെനാൾട്ടി മനസ്സിലാക്കാൻ തുടങ്ങി എന്നതാണ് പോഗ്ബയെ ശൈലി മാറ്റാൻ പ്രേരിപ്പിക്കുന്നത്.

താൻ എപ്പോഴും ഇങ്ങനെ ആയിരുന്നു പെനാൾട്ടി എടുക്കാറ് ഇനി അത് മാറ്റേണ്ടി വരും എന്നാണ് തോന്നുന്നത് എന്ന് പോഗ്ബ പറഞ്ഞു. മൗറീനോയും പോഗ്ബയോട് ഈ ശൈലി മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാൻ ഇന്നലെ മത്സര ശേഷം പറഞ്ഞു.

Advertisement