മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബ ജീവിക്കുന്നത് സ്വയം ഉണ്ടാക്കിയെടുത്ത സ്വപ്‍ന ലോകത്താണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്‌കോൾസ്. ആ സ്വപ്ന ലോകത്ത് താൻ ആണ് മികച്ചവൻ എന്ന് പോഗ്ബ വിശ്വസിക്കുന്നുവെന്നും സ്‌കോൾസ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആവർത്തിക്കാൻ പോഗ്ബക്കായിരുന്നില്ല. ഇതോടെയാണ് താരത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം രംഗത്തെത്തിയത്.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയ പോൾ പോഗ്ബയെ പല പ്രമുഖ താരങ്ങളും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. 2016ലാണ് റെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിൽ നിന്ന് പോഗ്ബയെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിൽ പരിശീലകനായി സിദാൻ തിരിച്ചെത്തിയതോടെ പോൾ പോഗ്ബ ഈ സമ്മർ വിൻഡോയിൽ റയൽ മാഡ്രിഡിലേക്ക് കൂടുമാറുമെന്നും വാർത്തകൾ ഉണ്ട്.
അതെ സമയം പോൾ പോഗ്ബ ടീം വിട്ടു പോയാലും അത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കാര്യമായി ബാധിക്കില്ലെന്ന് സ്‌കോൾസ് പറഞ്ഞു. യുവന്റസിൽ പുറത്തെടുത്ത മികച്ച പ്രകടനം പോഗ്ബക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ലെന്നും സ്‌കോൾസ് പറഞ്ഞു. പോഗ്ബ ഒരു ലോകോത്തര താരമാവാൻ കഴിവുള്ള ഒരാൾ ആണെന്നും എന്നാൽ റോയ് കീനിനെ പോലെയോ ബ്രയാൻ റോബ്സണെ പോലെയുള്ള ഒരു താരം പോഗ്ബയുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ പോഗ്ബ ഒരു ലോകോത്തര താരമായി മാറുമായിരുന്നെന്നും സ്‌കോൾസ് പറഞ്ഞു.