വംശീയവിദ്വേഷങ്ങൾ തുടർക്കഥ, ഫുട്‌ബോൾ താരങ്ങളോട് സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു ഫിൽ നെവിൽ

Wasim Akram

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരാൽ വംശീയവിദ്വേഷത്തിനു വിധേയനായ ഫ്രഞ്ച് താരം പോൾ പോഗ്ബ വിവാദം ഫുട്‌ബോൾ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു. തിങ്കളാഴ്ച രാത്രി വോൾവ്സിനെതിരായ മത്സരത്തിൽ 68 മിനിറ്റിൽ പെനാൽട്ടി നഷ്ടപ്പെടുത്തിയ പോഗ്ബക്ക് എതിരെ സാമൂഹികമാധ്യമങ്ങളിൽ ആണ് വംശീയഅധിക്ഷേപങ്ങൾ ഉണ്ടായത്. ഈ നിലക്കാണ് പുതിയൊരു നിർദേശവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലണ്ട് താരവും ഇപ്പോൾ ഇംഗ്ലീഷ് വനിത ടീം പരിശീലകനായ ഫിൽ നെവിൽ രംഗത്ത് വന്നത്. പലപ്പോഴും ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നവർക്ക് എതിരെ സാമൂഹികമാധ്യമങ്ങൾ ശരിയായ നടപടികൾ എടുക്കുന്നില്ല എന്ന ഗുരുതരമായ ആരോപണമാണ് നെവിൽ ഉയർത്തിയത്.

പലപ്പോഴും ഇത്തരം കാര്യങ്ങളിൽ പരാതി നൽകിയാൽ ട്വിറ്റർ ആകട്ടെ ഇൻസ്റ്റാഗ്രാം ആകട്ടെ മറ്റ് സാമൂഹികമാധ്യമങ്ങൾ ആകട്ടെ നടപടി എടുക്കും എന്ന ഒരൊറ്റ ഇ-മെയിൽ സന്ദേശത്തിൽ അവർ നടപടികൾ ഒതുക്കുന്നു എന്നും നെവിൽ കൂട്ടിച്ചേർത്തു. അതിനാൽ തന്നെ ഇത്തരം തെറ്റായ നിലപാടുകൾക്കും അധിക്ഷേപങ്ങൾക്കും ശക്തമായ മുന്നറിയിപ്പും സന്ദേശവും നൽകാൻ ഫുട്‌ബോൾ താരങ്ങൾ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിർത്തണം എന്നാണ് നെവിലിന്റെ വാദം. കുറഞ്ഞത് 6 മാസമെങ്കിലും സാമൂഹികമാധ്യമങ്ങളിൽ നിന്ന് വിട്ടു നിന്ന് സാമൂഹികമാധ്യമ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകാൻ എങ്കിലും താരങ്ങൾ തയ്യാറാകണം എന്നും നെവിൽ കൂട്ടിച്ചേർത്തു.

എന്നാൽ ഇത്തരം പ്രചരണങ്ങൾ നടത്തിയ അക്കൗണ്ടുകളെ ആജീവനാന്തം വിലക്കി നടപടികൾ എടുത്തു എന്ന പ്രസ്താവന നടത്തിയ ട്വിറ്റർ, ഫേസ്ബുക്ക് കമ്പനികൾ ഇത്തരം സംഭവങ്ങൾക്ക് എതിരെ തുടർന്നും ശക്തമായ നടപടികൾ കൈക്കൊള്ളും എന്നും പ്രസ്താവിച്ചു. വംശീയഅധിക്ഷേപങ്ങൾ നടത്തിയ ആരാധകരെ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കും എന്നു പ്രതികരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് സകലപിന്തുണയും പ്രഖ്യാപിച്ചു. പോഗ്ബക്ക് പിന്തുണയുമായി മാർക്കോസ് റാഷ്ഫോർഡ്, ഹാരി മക്വർ തുടങ്ങിയ സഹതാരങ്ങളും രംഗത്ത് വന്നു. പോഗ്ബക്ക് എതിരായ അക്രമങ്ങൾ ടീമിന് മൊത്തമായുള്ള ആക്രമണങ്ങൾ ആണെന്ന് കൂട്ടിച്ചേർത്തു റാഷ്ഫോർഡ്. എന്തായാലും വീണ്ടും ഫുട്‌ബോളിന് കളങ്കമാവുകയാണ് ഇത്തരം ആവർത്തിച്ചു വരുന്ന മോശം വാർത്തകൾ.