ആർച്ചർ മികച്ചവൻ തന്നെ പക്ഷെ ഈ ആഷസ് ഓസ്‌ട്രേലിയ നേടും : ഗ്ലെൻ മഗ്രാത്ത്

ജോഫ്ര ആർച്ചറെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ താരവും ലോകത്തിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ ഗ്ലെൻ മഗ്രാത്ത്. ഇത്രയും കൃത്യതയോടെയും വേഗത്തിലും ആർച്ചർക്ക് വളരെ അധികം സമയം പന്തെറിയാൻ സാധിക്കുന്നത് ആർച്ചറിന്റെ മികവാണെന്ന് കൂട്ടിച്ചേർത്ത മഗ്രാത്ത്, ആർച്ചർ ഒരു സ്‌പെഷ്യൽ താരമാണെന്നും വ്യക്തമാക്കി. മികച്ച വേഗതയേറിയ ഒരാൾ അപ്പുറത്ത് പന്തെറിയുന്നത് ബ്രോഡിനെ പോലുള്ള സഹബോളർമാർക്ക് സഹായകമാകും എന്നു പറഞ്ഞ മഗ്രാത്ത് ബ്രറ്റ് ലീയുടെ സാന്നിധ്യം തനിക്കും സഹായകമായിരുന്നു എന്നും പറഞ്ഞു. കരിയറിൽ ഒപ്പം കളിച്ച 45 ടെസ്റ്റുകളിൽ നിന്ന് 177 വിക്കറ്റുകൾ ആണ് മഗ്രാത്തും ബ്രറ്റ് ലീയും ഒരുമിച്ച് നേടിയത്.

എന്നാൽ ജിമ്മി ആന്റേഴ്‌സന്റെ അഭാവം ഇംഗ്ലണ്ടിനും ആർച്ചറുടെ വളർച്ചക്കും തിരിച്ചടിയാവും എന്നും മഗ്രാത്ത് പറഞ്ഞു. ആർച്ചർക്ക് നിരവധി ടെസ്റ്റുകൾ കളിക്കാൻ ആവുമെന്ന് പ്രത്യാശിച്ച മഗ്രാത്ത് ആർച്ചറെ നിക്ഷിത ഓവർ ക്രിക്കറ്റർ ആയി ഒതുക്കുന്നത് ശരിയെല്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ ആർച്ചറുടെ സാന്നിധ്യതത്തിലും ഓസ്‌ട്രേലിയ ഈ ആഷസ് പരമ്പര നേടും എന്നു പ്രത്യാശിച്ച മഗ്രാത്ത് ഓസ്‌ട്രേലിയ സ്മിത്തിന്റെ അഭാവം മറികടക്കും എന്നും പറഞ്ഞു. ഇംഗ്ലീഷ് ബാറ്റിംഗിനെ തകർക്കാൻ ഓസ്‌ട്രേലിയൻ ബോളർമാർക്ക് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആഷസിൽ 1-0 മുന്നിലാണ് ഓസ്‌ട്രേലിയ. ലീഡ്‌സിലാണ് ആഷസിലെ മൂന്നാം ടെസ്റ്റ് നടക്കുക.