തന്റെ പഴയ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ബ്രസീലിയൻ താരം ഗബ്രിയേൽ ജീസുസിന് പിന്നാലെ യുക്രെയ്ൻ ക്യാപ്റ്റൻ സിഞ്ചെങ്കോയെയും ടീമിൽ എത്തിച്ചു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. നേരത്തെ തന്നെ മാഞ്ചസ്റ്റർ സിറ്റിയും ആയി ധാരണയിൽ എത്തിയ ആഴ്‌സണൽ ഇപ്പോൾ താരവും ആയി ധാരണയിൽ എത്തിയത് ആയി അത്‌ലറ്റിക്കിന്റെ ഡേവിഡ് ഓർണസ്റ്റിയിൻ റിപ്പോർട്ട് ചെയ്തു. 30 മില്യൺ യൂറോക്ക് ആവും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു താരം ആഴ്‌സണലിൽ എത്തുക. നാലു വർഷത്തേക്ക് 2026 വരെ താരം ആഴ്‌സണലും ആയി കരാറിൽ ഒപ്പ് വക്കും.
നിലവിൽ അമേരിക്കയിൽ ഉള്ള താരം ഉടൻ തന്നെ മെഡിക്കൽ പൂർത്തിയാക്കി ആഴ്‌സണലും ആയി കരാറിൽ ഒപ്പ് വക്കും. മൈക്കിൾ ആർട്ടെറ്റയുടെ ടീമിൽ കളിക്കാനുള്ള താൽപ്പര്യം കൂടിയാണ് താരത്തെ എമിറേറ്റ്സിൽ എത്തിക്കുന്നത്. ഇടത് ബാക്ക് ആയി പ്രതിരോധത്തിൽ പ്രധാനമായും കളിക്കുന്ന താരം മധ്യനിരയിലും തിളങ്ങുന്ന താരമാണ്. ദേശീയ തലത്തിൽ യുക്രെയ്നു ആയി മധ്യനിരയിൽ ആണ് സിഞ്ചെങ്കോ കളിക്കുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്‌സണൽ സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് സിഞ്ചെങ്കോ. അതേസമയം സിഞ്ചെങ്കോക്ക് പകരക്കാരനായി ബ്രൈറ്റന്റെ സ്പാനിഷ് താരം മാർക് കുകുരെല്ലയെ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കും.