പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസ്, നോർവിച്ച് സിറ്റി മത്സരം 1-1 ന്റെ സമനിലയിൽ. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തി എങ്കിലും തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന നോർവിച്ച് സിറ്റിക്ക് എതിരെ പാലസ് സമനില വഴങ്ങുക ആയിരുന്നു. മത്സരം തുടങ്ങി 33 സെക്കന്റുകൾക്ക് ഉള്ളിൽ തന്നെ നോർവിച്ച് സിറ്റി മത്സരത്തിൽ മുന്നിലെത്തി. ആദം ഇദാഹ് നൽകിയ പാസിൽ നിന്നു തീമു പുക്കിയാണ് അവർക്ക് ഗോൾ സമ്മാനിച്ചത്. പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും വേഗമേറിയ ഗോൾ ആയിരുന്നു ഇത്. മത്സരത്തിൽ ഈ ഒരു അവസരം മാത്രമാണ് ഡീൻ സ്മിത്തിന്റെ ടീം പാലസ് ഗോൾ വല ലക്ഷ്യം വച്ചത്.
തുടർന്ന് സമനിലക്ക് ആയുള്ള പാലസ് ശ്രമങ്ങൾ ആദ്യ പകുതിയിൽ പരാജയപ്പെടുന്നത് ആണ് കാണാൻ ആയത്. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ മൈക്കിൾ ഒലിസിയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് ഒരു ലോകോത്തര ഷോട്ടിലൂടെ ഗോൾ നേടിയ വിൽഫ്രൈയിഡ് സാഹ പാട്രിക് വിയേരയുടെ ടീമിന് സമനില ഗോൾ സമ്മാനിച്ചു. അതുഗ്രൻ ഗോൾ ആയിരുന്നു ഇത്. തുടർന്ന് 2 മിനിറ്റിനു ശേഷം ടൈറിക് മിച്ചലിനെ മാക്‌സ് ആരോൺസ് വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി പുറത്തേക്ക് അടിച്ചു കളയുന്ന സാഹയെയും മത്സരത്തിൽ കണ്ടു. ജയിക്കാൻ ലഭിച്ച സുവർണ അവസരം ആണ് ഐവറി കോസ്റ്റ് താരം പാഴാക്കിയത്. തുടർന്ന് ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന നോർവിച്ച് സിറ്റി വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കുക ആയിരുന്നു. നിലവിൽ ലീഗിൽ നോർവിച്ച് 18 സ്ഥാനത്തും പാലസ് 13 സ്ഥാനത്തും ആണ്.