ഇനിയൊരിക്കലും ആഴ്‌സണലിനായി കളിക്കും എന്നു വിചാരിച്ചത് അല്ല ~ ഗ്രാനിറ്റ് ശാക്ക

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണലിനായി ഇനിയൊരിക്കലും കളിക്കും എന്നു താൻ വിചാരിച്ചത് അല്ല എന്നു ആഴ്‌സണലിന്റെ സ്വിസ് താരം ഗ്രാനിറ്റ് ശാക്ക. കഴിഞ്ഞ ഒക്ടോബർ 27 നു ഉനയ് എമറെക്ക് കീഴിൽ നടന്ന ക്രിസ്റ്റൽ പാലസ് ആഴ്‌സണൽ മത്സരത്തിലെ മോശം അനുഭവത്തെ കുറിച്ച് പരാമർശിക്കുമ്പോൾ ആണ് ശാക്ക ഇത്തരമൊരു പ്രതികരണം നടത്തിയത്. അന്ന് മത്സരം 2-2 നു സമനിലയിൽ നിൽക്കുമ്പോൾ കളത്തിൽ നിന്ന് തിരിച്ചു വിളിക്കപ്പെട്ട ശാക്കക്ക് നേരെ ആരാധകർ ക്ഷുഭിതരാവുകയും ഇതിനെതിരെ തിരിച്ചു ചൂടായ ശാക്ക ജേഴ്‌സി പോലും വലിച്ചെറിഞ്ഞു കളം വിട്ടത് വലിയ വിവാദങ്ങൾ ആണ് സൃഷ്ടിച്ചത്. അതിനുശേഷം ആഴ്‌സണലിന്റെ നായകപദവിയിൽ നിന്നും സ്വിസ് താരം മാറ്റപ്പെട്ടു. എന്നാൽ ഖേദപ്രകടനം നടത്താതിരുന്ന താരം തന്റെ നിലപാടിൽ ഉറച്ച് നിന്നത് അന്ന് വലിയ പ്രതിസന്ധി ആണ് ക്ലബ്ബിൽ ഉണ്ടാക്കിയത്.

എന്നാൽ തന്റെ കുടുംബത്തിനു വരെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ആഴ്‌സണൽ ആരാധകരിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങൾ ആണ് തന്നെ ഇത്തരം പെരുമാറ്റത്തിൽ കൊണ്ട് ചെന്ന് എത്തിച്ചത് എന്നു അന്ന് തന്നെ വ്യക്തമാക്കിയിരുന്നു ശാക്ക. തുടർന്ന് നായകപദവി നഷ്ടമായ താരം ക്ലബ് വിടും എന്ന അഭ്യൂഹങ്ങളും വന്നു. എന്നാൽ പിന്നീട് കളത്തിലേക്ക് ശക്തമായി തിരിച്ചു വന്ന സ്വിസ് താരം നിലവിലെ പരിശീലകൻ മൈക്കിൾ ആർട്ടെറ്റക്ക് കീഴിൽ ഏറ്റവും പ്രധാനപ്പെട്ട താരം ആയി മാറുകയും ചെയ്തു. എന്നാൽ അന്നത്തെ മോശം അനുഭവത്തിന് ശേഷം താൻ ക്ലബ് വിടുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു എന്നു വ്യക്തമാക്കിയ ശാക്ക, അന്നത്തെ അനുഭവങ്ങൾ തനിക്കും കുടുംബത്തിനും വലിയ മാനസിക ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കിയത് എന്നും പറഞ്ഞു.

ജനങ്ങൾക്ക് മനസ്സിലാവാൻ ആണ് താൻ ഇത് പറയുന്നത് എന്നു വ്യക്തമാക്കിയ ശാക്ക, ക്ലബ്ബിൽ നിലവിൽ താൻ സന്തോഷവാൻ ആണെന്നും ക്ലബിനായി താൻ സകലതും 100 ശതമാനം നൽകും എന്നും വ്യക്തമാക്കി. എന്നാൽ ഒരിക്കൽ കൂടി ആഴ്‌സണൽ നായകപദവി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാൽ പക്ഷെ തനിക്ക് രണ്ടാമത് ഒരിക്കൽ കൂടി ചിന്തിക്കേണ്ടി വരും എന്നും താരം വ്യക്തമാക്കി. ആർട്ടെറ്റക്ക് കീഴിൽ ആഴ്‌സണലിൽ വളരെ മികച്ച ഭാവി താൻ കാണുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ആരാധകർക്ക് താരങ്ങളിൽ നിന്നു മികച്ച പ്രകടനങ്ങൾ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട് എങ്കിലും അവർ താരങ്ങളെ മനസ്സിലാക്കേണ്ടത് ആവശ്യമാണ് എന്നും ശാക്ക പറഞ്ഞു. നിലവിൽ നായകപദവി ഇല്ലെങ്കിലും ആഴ്‌സണൽ ടീമിലെ നായകരിൽ ഒരാൾ ആയി മികച്ച പ്രകടനം ആണ് കഴിഞ്ഞ കുറെ മത്സരങ്ങൾ ആയി ശാക്ക നടത്തുന്നത്. കൂടാതെ തന്റെ പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ വിശ്വാസം തിരിച്ചു പിടിക്കാനും മുൻ ആഴ്‌സണൽ നായകന് ആയിട്ടുണ്ട്.