അവസാന മിനിറ്റിൽ രക്ഷകൻ ആയി സോൺ, ആവേശപോരാട്ടത്തിൽ വില്ലയെ തോൽപ്പിച്ച് ടോട്ടനം

- Advertisement -

പ്രീമിയർ ലീഗിൽ ആവേശപോരാട്ടത്തിൽ ആസ്റ്റൻ വില്ലയെ 3-2 നു തോൽപ്പിച്ച് ടോട്ടനം ഹോട്ട്സ്പർ. വില്ല പാർക്കിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ കാഴ്ച വച്ചപ്പോൾ മത്സരം ആവേശത്തിൽ ആയി. മത്സരം തുടങ്ങി 10 മിനിറ്റിനുള്ളിൽ ടോബി ആൾഡർവൈൽഡിന്റെ സെൽഫ്‌ ഗോളിൽ മുന്നിലെത്തിയ ആതിഥേയർക്ക് മികച്ച തുടക്കം ആണ് മത്സരത്തിൽ ലഭിച്ചത്. അതിന് ശേഷം ലീഡ് ഉയർത്താൻ ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് നൽകിയ മികച്ച അവസരം മുതലാക്കാൻ ഡഗ്ളസ് ലൂയിസിന് ആയില്ല.

തുടർന്ന് 26 മിനിറ്റിൽ കോർണറിൽ നിന്ന് ലഭിച്ച പന്ത് അതിമനോഹരമായ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ലക്ഷ്യത്തിൽ എത്തിച്ച ടോബി ആൾഡർവൈൽഡ് തന്റെ തെറ്റിനു പ്രായശ്ചിത്തം ചെയ്തു. വെള്ളിയാഴ്ച അച്ഛൻ ആയ താരത്തിന് മികച്ച ഒരു അനുഭവം കൂടിയായി ഗോൾ നേട്ടം. എന്നാൽ ഒന്നാം പകുതിയുടെ അവസാന നിമിഷം സോണിനെ വീഴ്ത്തിയ വില്ല പെനാൽട്ടി വഴങ്ങി. സോണിന്റെ പെനാൽട്ടി രക്ഷിക്കാൻ അനുഭവസമ്പന്നനായ പെപ്പെ റെയ്നക്ക് ആയെങ്കിലും തിരിച്ചു വന്ന പന്ത് ലക്ഷ്യത്തിൽ എത്തിച്ച സോൺ ടോട്ടനത്തിനു ആദ്യ പകുതിയിൽ ലീഡ് നൽകി. പ്രീമിയർ ലീഗിലെ ഏഷ്യൻ താരത്തിന്റെ 50 ഗോൾ ആയിരുന്നു ഇത്. എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ഉയർന്നു കളിച്ച വില്ല 53 മിനിറ്റിൽ ഈഗൾസിലൂടെ സമനില പിടിച്ചു. ഗ്രീളിഷിന്റെ പന്തിൽ ആയിരുന്നു പ്രതിരോധനിരക്കാരന്റെ സമനില ഗോൾ.

തുടർന്ന് അവസരങ്ങൾ തുറന്ന ഇരു ടീമുകളും ഗോൾ നേടാൻ ആയി പരിശ്രമിച്ചു. ഇടക്ക് അലിയുടെ ഗോൾ എന്നുറപ്പിച്ച ഷോട്ട് രക്ഷിച്ച റെയ്ന വില്ലക്ക് ആശ്വാസം പകർന്നു. എന്നാൽ മത്സരത്തിലെ 94 മത്തെ മിനിറ്റിൽ ഈഗൾസിന്റെ അബദ്ധം മുതലെടുത്ത സോൺ മൗറീന്യോയുടെ ടീമിന് ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ ചാമ്പ്യൻസ് ലീഗിലേക്കുള്ള തങ്ങളുടെ ദൂരം കുറക്കാൻ ടോട്ടനത്തിനു ആയി. നിലവിൽ 26 മത്സരങ്ങളിൽ 38 പോയിന്റുകൾ ഉള്ള ടോട്ടനം ഷെഫീൽഡിന് 1 പോയിന്റ് പിറകിൽ ആറാമത് ആണ്. എന്നാൽ തോൽവി വില്ലയുടെ തരം താഴ്ത്തലിൽ നിന്ന് രക്ഷപ്പെടാനുള്ള ജോലി കൂടുതൽ ബുദ്ധിമുട്ടുള്ളത് ആക്കി. നിലവിൽ 26 മത്സരങ്ങളിൽ 26 പോയിന്റുകൾ ഉള്ള വില്ല 17 സ്ഥാനത്ത് ആണ്.

Advertisement