ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റൻ, സൗതാപ്റ്റൺ മത്സരം 2-2 ന്റെ സമനിലയിൽ. നിലവിൽ പതിനൊന്നാം സ്ഥാനത്തുള്ള ബ്രൈറ്റനും പതിമൂന്നാം സ്ഥാനത്തുമുള്ള സൗതാപ്റ്റണും തമ്മിലുള്ള മത്സരം വളരെ ആവേശകരമായിരുന്നു. മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടിയ ഡാനി വെൽബക് ബ്രൈറ്റനെ മത്സരത്തിൽ മുന്നിലെത്തിച്ചു. അതിനു ശേഷം ലിവരമെന്റോക്ക് ഏറ്റ വലിയ പരിക്ക് സൗതാപ്റ്റണ് വലിയ തിരിച്ചടിയായി. ഒന്നാം പകുതിയിൽ ഇത് കാരണം 6 മിനിറ്റുകൾ ആണ് ഇഞ്ച്വറി സമയം അനുവദിച്ചത്. 44 മത്തെ മിനിറ്റിൽ ട്രോസാർഡിന്റെ ക്രോസ് മുഹമ്മദ് സാലിസുവിന്റെ കാലിൽ തട്ടി സെൽഫ് ഗോൾ ആയതോടെ സൗതാപ്റ്റണിനു വമ്പൻ തിരിച്ചടിയായി.
എന്നാൽ 49 മത്തെ മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായ വിധം ഗോളാക്കി മാറ്റിയ ജെയിംസ് വാർഡ് പ്രോസ് സെയിന്റ്സിന് ആയി ഒരു ഗോൾ മടക്കി. പ്രീമിയർ ലീഗിൽ സൗതാപ്റ്റൺ ക്യാപ്റ്റൻ നേടുന്ന 14 മത്തെ ഫ്രീകിക്ക് ഗോൾ ആയിരുന്നു ഇത്. ഇതോടെ പ്രീമിയർ ലീഗിൽ ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിൽ വാർഡ് പ്രോസ് റൊണാൾഡോയെ മറികടന്നു. നിലവിൽ 18 പ്രീമിയർ ലീഗ് ഫ്രീകിക്ക് ഗോളുകൾ ഉള്ള ഡേവിഡ് ബെക്കാം മാത്രമാണ് വാർഡ് പ്രോസിന് മുന്നിലുള്ളത്. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ മനോഹരമായ ഒരു ഷോട്ടിലൂടെ രണ്ടാം ഗോൾ കൂടി നേടിയ ജെയിംസ് വാർഡ് പ്രോസ് സൗതാപ്റ്റണിനു സമനില ഗോൾ സമ്മാനിച്ചു. ഒറിയോൾ റൊമെയുവിന്റെ മനോഹരമായ ബാക് ഹീൽ പാസിൽ നിന്നായിരുന്നു വാർഡ് പ്രോസിന്റെ ഗോൾ.