ആവേശമാകും പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടം

- Advertisement -

പ്രീമിയർ ലീഗിലെ കിരീട പോരാട്ടം ഇതിനകം തന്നെ അവസാനിച്ചിരിക്കുകയാണ്. ലിവർപൂൾ കിരീടം ഉയർത്തുകയും ചെയ്തു. എന്നാൽ അതോടെ പ്രീമിയർ ലീഗിലെ ആവേശം അവസാനിച്ചിട്ടില്ല. പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടം പ്രവചനാതീതമാണ് ഇപ്പോഴും. അവസാന സ്ഥാനത്തുള്ള നോർവിച് സിറ്റി ഇത്തിരി പിറകിലാണ്‌. 21 പോയന്റ് മാത്രമേ നോർവിചിനുള്ളൂ. അവർ റിലഗേഷൻ സോണിന് പുറത്തുള്ള ടീമിനെക്കാൾ ആറ് പോയന്റ് പിറകിലാണ്.

നോർവിചിന് ഏഴ് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അതിൽ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നീ വമ്പന്മാർ ഉള്ളത് കൊണ്ട് തന്നെ അവർക്ക് എളുപ്പമാകില്ല കാര്യങ്ങൾ. റിലഗേഷൻ പോരാട്ടത്തിൽ പിന്നെ ഉള്ളത് ആസ്റ്റൺ വില്ല, ബൗണ്മത്, വെസ്റ്റ് ഹാം, വാറ്റ്ഫോർഡ്, ബ്രൈറ്റൺ എന്നിവരാണ്. ഇതിൽ ബ്രൈറ്റണെ രണ്ട് വിജയങ്ങൾ സുരക്ഷിതമാക്കിയേക്കും. 33 പോയന്റുള്ള ബ്രൈറ്റൺ ഇപ്പോൾ 15ആം സ്ഥാനത്താണ് ഉള്ളത്. ബ്രൈറ്റണും ശേഷിക്കുന്ന മത്സരങ്ങൾ എളുപ്പമല്ല.

മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരെയൊക്കെ ബ്രൈറ്റണ് ഇനിയും നേരിടാനുണ്ട്. 16ആം സ്ഥാനത്തുള്ള വാറ്റ്ഫോർഡിന് 28 പോയന്റാണ് ഉള്ളത്. അവർക്ക് ഇനി 6 മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അവർക്കും മൂന്ന് വമ്പന്മാരെ ഇനിയും നേരിടാൻ ഉണ്ട്. സിറ്റി, ആഴ്സണൽ, ചെൽസി എന്നിവരെല്ലാം വാറ്റ്ഫോർഡിന് ബാക്കിയുള്ള ഫിക്സ്ചർ ആണ്‌. ഒപ്പം റിലഗേഷൻ ബാറ്റിലിൽ ഉള്ള നോർവിചും വെസ്റ്റ് ഹാമും വാറ്റ്ഫോർഡിന്റെ എതിരാളികളായുണ്ട്.

17, 18, 19 സ്ഥാനങ്ങളിൽ ഉള്ള വെസ്റ്റ് ഹാം, ബൗണ്മത്, ആസ്റ്റൺ വില്ല എന്നിവർക്ക് എല്ലാം 27 പോയന്റ് വീതമാണ് ഉള്ളത്. ഇതിൽ ആസ്റ്റൺ വില്ല 32 മത്സരങ്ങൾ കളിച്ചപ്പോൾ ബാക്കി രണ്ട് ടീമുകളും 31 മത്സരങ്ങൾ മാത്രമെ കളിച്ചിട്ടുള്ളൂ. വെസ്റ്റ് ഹാമും ആസ്റ്റൺ വില്ലയും ലീഗിന്റെ അവസാന ദിവസം നേർക്കുനേർ വരുന്നുണ്ട്. ചിലപ്പോൾ അന്ന് വരെ കാത്തിരിക്കേണ്ടി വരും ഈ രണ്ടു ക്ലബുകളുടെയും വിധി അറിയാൻ.

Advertisement